അസം പൗരത്വപ്പട്ടിക നടപ്പാക്കാന്‍ പോകുന്നില്ല: ഷെര്‍മാന്‍ അലി
ഗുവാഹത്തി: അസം പൗരത്വപ്പട്ടിക നടപ്പാക്കാന്‍ പോകുന്നില്ലെന്ന് അസമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷെര്‍മാന്‍ അലി അഹമ്മദ്. രക്തസാക്ഷികളെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലാകുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് സുപ്രഭാതത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെര്‍മാന്‍ അലി ഇക്കാര്യം പറഞ്ഞത്.
ഒരിക്കലും അവസാനിക്കാത്ത കേസായി അസം പൗരത്വപ്പട്ടിക നീളും. അഞ്ചു ലക്ഷം മുസ്‌ലിംകളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അത് 35 ലക്ഷത്തിലെങ്കിലും എത്തിക്കാനാണ് ബി.ജെ.പി പദ്ധതി. അത് നടക്കാന്‍ പോകുന്നില്ല. കോടതി ഇടപെടല്‍ ബി.ജെ.പി പദ്ധതി തകര്‍ക്കാനാണ് സാധ്യത.
മുഈനുല്‍ ഹഖിനെ പൊലിസ് കൊലപ്പെടുത്തിയതും അയാളുടെ മൃതദേഹത്തിലേക്ക് ഫോട്ടോഗ്രാഫര്‍ ഉയര്‍ന്നു ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ ബി.ജെ.പി 1983ല്‍ മിയാ മുസ്‌ലിംകള്‍ ദയാനാഥ് ശര്‍മയടക്കം 11 അസമികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന പ്രചാരണവുമായി ഇറങ്ങി. 1983ല്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ കൊലപ്പെടുത്താന്‍ നേതൃത്വം കൊടുത്തയാളാണ് ദയാനാഥ് ശര്‍മ. ഇരട്ടക്കുഴല്‍ തോക്കുമായി മുസ്‌ലിംകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു ഇയാള്‍.
അയാളെ പ്രതികാര നടപടിയുടെ ഭാഗമായി മുസ്‌ലിംകള്‍ കൊന്നു. അയാള്‍ രക്തസാക്ഷിയല്ലെന്നും കൊലയാളി മാത്രമാണെന്നും താന്‍ പറഞ്ഞു. ഇതിന്റെ പേരിലാണ് രക്തസാക്ഷികളെ അപമാനിച്ചുവെന്ന പേരില്‍ തനിക്കെതിരേ കേസെടുത്തതെന്ന് ഷെര്‍മാന്‍ അലി പറഞ്ഞു.
തനിക്കെതിരേ പാര്‍ട്ടി തലത്തിലും നടപടി വരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അതൊന്നും കാര്യമാക്കുന്നില്ല.
പറയാനുള്ളത് തുറന്ന് പറഞ്ഞാണ് ശീലമെന്നും ഷെര്‍മാന്‍ അലി വ്യക്തമാക്കി. ബാര്‍പ്പേട്ട ബാഗ്ബാര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ഷെര്‍മാന്‍ അലിയെ ഇന്നലെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."