ഒന്നര വർഷം മുമ്പ് കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരണം
റിയാദ്: കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സഊദിയിൽ നിന്നും കാണാതായ മലയാളി യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. റിയാദില്‍ നിന്നും കണാതായ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി താജുദ്ദീന്‍ അഹമ്മദ് (38) നെ കുറിച്ചുള്ള വിവരങ്ങളാണ് മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കൊവിഡ് രൂക്ഷമായ 2020 മെയ് 16 നാണ് താജുദ്ദീന്‍ അഹമ്മദിനെ കാണാതാകുന്നത്. റിയാദ് അസീസിയ വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്‌തു വരികയായിരുന്ന താജുദ്ദീന് 2020 മെയ് പന്ത്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ സമയത്ത് തന്നെ ബന്ധു കൊവിഡ് ബാധിച്ച് മരിക്കുക കൂടി ചെയ്‌തതോടെ താജുദീന്റെ മാനസിക നില തളർന്നു. ഇതേ തുടർന്ന് റൂം വിട്ടിറങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല. സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തി വരികയായിരുന്നു. വീഡിയോ സഹിതം ഇദ്ദേഹത്തെ കണ്ടെത്താൻ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നടത്തിയ നിരന്തര പരിശ്രമത്തിനൊടുവിൽ ശുമേസി കിംഗ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറി ഉദ്യോഗസ്ഥന്‍ ഹക്കീമിയിയുടെ സഹായത്തോടെ ആശുപത്രി മോർച്ചറി രേഖയിൽ താജുദ്ധീൻ എന്നയാളുടെ പേര് കണ്ടെത്തി. എന്നാൽ, ബംഗ്ലാദേശി പൗരനായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതുമായി ഷിഫാ പോലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ ഉബൈദ്, തുര്‍ക്കി ബിന്‍ ഖാലിദ് എന്നിവരെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ഇഖാമ നമ്പർ കണ്ടെത്തുകയും കരുനാഗപ്പള്ളി സ്വദേശി താജുദ്ദീന്‍ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
സനയയിലെ അൽ മൂസയിലെ ആളൊഴിഞ്ഞ ഏരിയയില്‍ തൂങ്ങിമരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രൂക്ഷമായ കാലമായിരുന്നതിനാല്‍ ശുമേസി കിംഗ് സഊദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഒരു മാസത്തിനുശേഷം റിയാദില്‍ ഖബറടക്കിയിരുന്നു. താജുദ്ദീന്റെ തിരോധാനത്തെതുടര്‍ന്ന് റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ അടക്കം വിവിധ കൂട്ടായ്‌മകളും വ്യക്തികളും അന്വേഷണവുമായി ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."