കേരളഗാന്ധിയെ സ്മരിക്കേണ്ടവര്‍ വിസ്മരിച്ചു; മുതലെടുപ്പുമായി സംഘ് പരിവാര്‍, ആയിരം കേന്ദ്രങ്ങളില്‍ സ്മൃതി സദസ്
കോഴിക്കോട്: കേരള ഗാന്ധി കെ.കേളപ്പജിയുടെ ഓര്‍മദിനത്തില്‍ വിപുലമായ പരിപാടികളാണ് അവര്‍ ഏറ്റെടുത്തു നടത്തുന്നത്. കേരള ഗാന്ധി കെ.കേളപ്പനെയും സംഘ്പരിവാര്‍ ആലയില്‍ കെട്ടാന്‍ കച്ചമുറുക്കി സംഘ് പരിവാര്‍. കേളപ്പജിയുടെ അമ്പതാം ഓര്‍മനാളിലാണ് 'കേരളം കേളപ്പജിയിലേക്ക്' എന്ന തലക്കെട്ടില്‍ ആയിരം കേന്ദ്രങ്ങളില്‍ സ്മൃതി സദസ്സ് സംഘടിപ്പിക്കുന്നത്. കേരള ക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഘ് പരിവാര്‍ പരിപാടികള്‍.
പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ സ്മൃതി സദസുകളാണ് നടത്തിയത്. കോഴിക്കോട് ജില്ലയില്‍ നൂറ് കേന്ദ്രങ്ങളിലും സ്മൃതി സദസും പുഷ്പാര്‍ച്ചനയും നടത്തി.
അതേ സമയം അദ്ദേഹത്തെ സ്മരിക്കേണ്ടവരും പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടവരും വിസ്മരിച്ചതോടെയാണ് സംഘ് പരിവാര്‍ മുതലെടുപ്പിനിറങ്ങിയിരിക്കുന്നത്. അത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയുടെ പിന്‍മുറക്കാരില്‍ നിന്നുപോലും ഉണ്ടാകുന്നില്ലന്നതാണ് സങ്കടകരം.
അദ്ദേഹം ഓര്‍മയായതിന്റെ 50ാം വാര്‍ഷികത്തിലാണ് വെളിപാടുപോലെ കേളപ്പനെയും സംഘ് പരിവാര്‍ ആലയില്‍കെട്ടാനുള്ള കരാര്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുന്നത്.
ആര്‍.എസ്.എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മൂവായിരം കോടി രൂപ മുടക്കി സ്ഥാപിച്ചവര്‍ക്കാണ് ഇപ്പോള്‍ കേളപ്പജി പ്രണയവും തുടങ്ങിയിരിക്കുന്നത്.
മലപ്പുറം തവനൂരിലെ സ്മൃതി മണ്ഡപത്തിലും കേളപ്പജി അനുസ്മരണം ആചരിക്കുവാനും സംഘ് പരിവാര്‍ തീരുമാനിച്ചിരുന്നു. തവനൂരില്‍ ആദ്യമായി റൂറല്‍ കോളജും, പ്രൈമറി സ്‌കൂളും ഹൈസ്‌കൂളും സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ഹരിജന്‍ യുവതികള്‍ക്കായി താമസിച്ച് നൂല്‍ നെയ്ത് പഠിക്കാനായി സ്ഥാപിച്ച സ്ഥാപനവും ഇന്ന് അവഗണന തുടരുകയാണ്.
അപ്പോഴാണ് സംഘ് പരിവാര്‍ മുതലക്കണ്ണീരുമായി രംഗത്തുവരുന്നത്. അപ്പോഴും ഇതിനെതിരേ പ്രതിഷേധം പോലും ഉണ്ടായില്ല. ഇത് അദ്ദേഹത്തോട് കാണിക്കുന്ന അനീതി തന്നെയാണ്. കേരള ഗാന്ധിയെ ചരിത്രം എത്രത്തോളം വിസ്മരിക്കുന്നുവെന്നതിനുള്ള ഉദാഹരണവുമാണ്.
കോഴിക്കോട് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കേളപ്പജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകിട്ട് കോഴിക്കോട്ട് കേസരിഭവനില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."