അറബി ഭാഷ പഠനം:കാലികമാറ്റങ്ങൾക്ക് വഴിതുറക്കണം
എം.എ ലത്തീഫ്
അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നു. ഈ വർഷം യു.എൻ അംഗീകാരത്തിന്റെ അഞ്ച് പതിറ്റാണ്ട് തികയുകയാണ്. പള്ളി-മദ്‌റസകളിൽ ആരംഭിച്ച അറബി ഭാഷ ഇക്കാലത്ത് മലയാള സാഹിത്യത്തെ അറബികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിലും വിദേശ രാജ്യങ്ങളിൽ വിവർത്തന രംഗങ്ങളിലും വിജ്ഞാന പ്രചാരണങ്ങളിലും മികവ് കാണിച്ച് മലയാളി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തുന്നതിനും നിമിത്തമായെന്നത് അഭിമാനപൂർവം പറയാം. അറബി ഭാഷാ വളർച്ചയിൽ ഗവേഷക സമൂഹവും ഉന്നത കലാലയങ്ങളും സാധ്യമാക്കിയ നേട്ടങ്ങളെ നിസാരമായി കാണാനാവില്ല. അപ്പോഴും ചരിത്രബോധം ഉൾക്കൊള്ളാതെ സാംസ്‌കരിക വളർച്ചയുടെ വേരറുക്കും വിധം അറബി പഠനാവസരം നിഷേധിക്കുന്ന തരത്തിൽ പാഠ്യപദ്ധതി മാറ്റം വരുത്താനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് ആശങ്ക ഉയർത്തുന്നതാണ്.
അറബി ഭാഷ: നാൾവഴികളിലൂടെ
പൗരാണികവും സമകാലികവുമായ ഭാഷാ വ്യവഹാര മേഖലകളെക്കുറിച്ച് അന്വേഷണാത്മക പഠനം നിർവഹിക്കുന്ന ഏതൊരാൾക്കും അന്യം നിർത്താനാകാത്ത ഭാഷയാണ് അറബി. ഭാഷയുടെയും സാഹിത്യത്തിന്റെയും പരിണാമദശകൾ അറബിഭാഷയെ അത്രയ്ക്കുമേൽ സമ്പന്നമാക്കിയിട്ടുണ്ട്. നാടോടിപ്പാട്ടുകളിലൂടെ ശൈശവ ബാല്യങ്ങൾ പിന്നിട്ട അറബി ഭാഷ: സാഹിത്യം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം, ഗണിതം തുടങ്ങി അധ്യാത്മ -വൈജ്ഞാനിക മേഖലകളുടെ ഉത്തുംഗതയിൽ എത്തിച്ചേർന്നിരിക്കുന്നു.
ഖുർആൻ സൂക്തങ്ങളുടെ കാലാതിവർത്തിത്വവും നൂതനത്വവും അറബിഭാഷയുടെയും സാഹിത്യത്തിന്റെയും ഉജ്വലമായ പ്രഭാവത്തെ നിത്യനൂതനമാക്കി. നജ്ദിലെയും ഹിജാസിലെയും ബദവി അറബികളുടെ സംസാരഭാഷയുടെ സവിശേഷ ശൈലിയിൽ വിശ്രുതങ്ങളായ ഗാനങ്ങളും ചെറുകഥകളും ജനജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.
ഭാഷാ സ്വത്വത്തിലേക്ക് 23 കോടി ജനതയുടെ സംസാരഭാഷ, ലോക മുസ്‌ലിംകളുടെ മതഭാഷ, 22 രാഷ്ട്രങ്ങളുടെ ഭരണ വാണിജ്യ വിദ്യാഭ്യാസ നയതന്ത്ര ഭാഷ, ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്ന് എന്നീ നിലകളിൽ ലോകത്ത് സാർവത്രികാംഗീകാരം നേടിയ അറബി ഭാഷ ഇന്ന് ആശയ സംവേദനക്ഷമതയിലും ഘടനയിലും ഉന്നത സ്ഥാനം വഹിക്കുന്നു. അറേബ്യയുടെ പുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഉക്കാദിലെയും മജ്‌നയിലെയും ഉത്സവച്ചന്തകളിൽ ആലപിച്ച് അംഗീകാരം നേടിയ കവിതകൾ അറേബ്യൻ സംസ്‌കാരത്തെ അനാവരണം ചെയ്യുന്നുണ്ട്. ആറാം നൂറ്റാണ്ടിന്റെ ആദ്യാർധത്തിൽ അറേബ്യയിൽ പ്രചാരം കൊണ്ട ഇത്തരം കവിതകൾ കഅ്ബാലയത്തിൽ കെട്ടിത്തൂക്കുകയും മുഅല്ലഖകൾ എന്ന പേരിൽ വിഖ്യാതമാവുകയും ചെയ്തു.
പിൽക്കാലത്ത് വിവിധ ശാസ്ത്രശാഖകളും കലാസാഹിത്യ മേഖലകളിലെ ചിന്താധാരകളും ജന്മമെടുക്കാൻ നിമിത്തമായത്, ഖുർആൻ വായനക്കും പാരായണത്തിനും നൽകിയ പ്രാധാന്യവും ധാർമിക ബോധത്തിലധിഷ്ഠിതമായ അധ്യാപനങ്ങളുമായിരുന്നു. സൂഫീ സാഹിത്യകാരും അറബി ദാർശനിക സാഹിത്യശാഖയെ സമ്പന്നമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ഇബ്‌നുൽ അറബിയും ജമാലുദ്ദീൻ റൂമിയും ആ ഗണത്തിൽപ്പെടുന്നു. ഖുർആൻ-ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങൾ പ്രചുരപ്രചാരം നേടുകയും പ്രവാചക പ്രകീർത്തന കവിതകളായ ബുർദയും ബാനത്ത് സുആദും അറബി ഭാഷയിൽ അനശ്വരങ്ങളായി നിലകൊള്ളുകയും ചെയ്തു.
അറബി ഭാഷയും സംസ്‌കാരവും സ്‌പെയിനിൽ ആഴത്തിൽ വേരോടിയത് അമവി ഭരണകാലത്താണ്. ഭരണാധികാരി അബ്ദുൽ മലിക്ക് ആണ് തങ്ങളുടെ സാമ്രാജ്യം മുഴുവൻ അറബി ഔദ്യോഗിക ഭാഷയാക്കി മാറ്റിയത്. ലിപി പരിഷ്‌കരണത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ഗുണപരമായ മാറ്റങ്ങൾ നടപ്പിലാക്കി. ഗ്രന്ഥരചനയിൽ സുവർണ അധ്യായം രചിച്ചു. അബ്ബാസി ഭരണകാലത്ത് ബാഗ്ദാദിൽ മാത്രം 3,000 പള്ളികളും അതിലുപരി പ്രൈമറി വിദ്യാലയങ്ങളും പ്രവർത്തിച്ചിരുന്നതായി ചരിത്രഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു. ഗ്രീക്ക്, സംസ്‌കൃതം, പേർഷ്യൻ രചനകൾ അറബീകരിച്ചത് ഹാറൂൺ റശീദിന്റെ ഭരണകാലത്താണ്. തുടർന്ന് ഭരണമേറ്റെടുത്ത മകൻ മഅ്മൂൻ സ്ഥാപിച്ച 'ബൈത്തുൽ ഹിക്മ' ഭാഷാ അക്കാദമിയും ലൈബ്രറിയും പരിഭാഷാ കേന്ദ്രവുമായി നിലകൊണ്ടു.
ആധുനിക അറബി സാഹിത്യം
19ാം നൂറ്റാണ്ടിൽ ഈജിപ്തിൽ ആരംഭിച്ച നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായി അറബിഭാഷയുടെ ശക്തമായ മുന്നേറ്റത്തിന് ലോകം സാക്ഷിയായി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഈജിപ്തിലെയും സിറിയയിലെയും സാഹിത്യ കുതുകികൾ പുതിയ പ്രവണതകൾക്ക് നാന്ദി കുറിച്ചു. വേറിട്ട സാമൂഹിക പരിസ്ഥിതിയുടെ പരിപ്രേക്ഷ്യങ്ങളായ, നോബൽ സമ്മാന ജേതാവ് ഡോ. നജീബ് മഹ്ഫൂസിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഈജിപ്തിലെ ദേശീയ പ്രസ്ഥാനത്തിലും പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായ സമരത്തിലും ഉണർവു പകർന്ന ആധുനിക എഴുത്തുകാർ അവതരണത്തിന്റെ രൂപഭാവത്തിലും ആശയാവിഷ്‌കാരത്തിലും വ്യതിരിക്തത പുലർത്തിപ്പോന്നു. ഈജിപ്തിൽ അഹമ്മദ് ശൗഖിയും നൈലിന്റെ കവി ഹാഫിസ് ഇബ്‌റാഹിമും വിപ്ലവ കവിതകൾ രചിച്ചു. തൂലികാ പ്രസ്ഥാനങ്ങളുടെ സംഭാവനകൾ അറബി ഭാഷയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ചു.
മഹ്ജർ സാഹിത്യവും
വിപ്ലവ കവികളും
പട്ടിണിയിലും ദുരിതത്തിലുമായിരുന്ന ചില അറബി കവികൾ അമേരിക്കൻ നാടുകളിലേക്ക് തൊഴിൽ തേടി യാത്രയാവുകയും ചെറിയ തൊഴിലുകളിലേർപ്പെട്ട് കവിതാ സാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്തു. ഖലീൽ ജിബ്രാൻ, മീക്കാഈൽ നുഐമ തുടങ്ങിയവർ മഹ്ജർ സാഹിത്യത്തിലെ മുടിചൂടാമന്നരാണ്.
നിരൂപണങ്ങളും ഗദ്യ-പദ്യ വ്യവഹാരങ്ങളുമായി അറബി സാഹിത്യം പുഷ്‌കലമാകുന്നതിന് പത്രമാധ്യമങ്ങൾ മഷി പകർന്നു. അനീതിക്കും അടിമത്വത്തിനുമെതിരായി കുടിയിറക്കപ്പെട്ട കർഷകരുടെ വികാരവിക്ഷോഭങ്ങൾ പ്രതിഫലിച്ച കവികളിൽ ഫലസ്തീനിലെ മഹ്മൂദ് ദർവീശ്, ഇബ്‌റാഹിം ത്വൂഖാൻ, സ്വാമിത ഖാസിം തുടങ്ങിയവർ ശ്രദ്ധേയരാണ്.
അറേബ്യൻ നാടുകളും നമ്മുടെ അറബി പഠനാവസരങ്ങളും ഇന്ത്യയിലും വിശിഷ്യാ, കേരളത്തിലും അതിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസിൽ എണ്ണയും അറബിപ്പണവും ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാവില്ല. അറേബ്യൻ ഗൾഫ് രാഷ്ട്രങ്ങളുമായി ഇന്ത്യ ബന്ധം കൂടുതൽ സുദൃഢമാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ 1956 മുതൽ പഠിപ്പിച്ചു തുടങ്ങിയിരുന്ന അറബി ഭാഷ ഇന്ന് സർവകലാശാലാ തലം വരെ മുഖ്യ പാഠ്യവിഷയമായി അഭ്യസിച്ചു വരുന്നു. ഗവേഷണങ്ങളും സംവാദങ്ങളും ഇതിന്റെ പ്രൗഢിയെ സമ്പന്നമാക്കുന്നു. കാലികമായ അറബിക് കോഴ്‌സുകളുടെ അഭാവം നാമിന്ന് അഭിമുഖീകരിക്കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് രൂപംകൊടുക്കുകയും അറബി ഭാഷാ വികസനത്തിന് പുതിയ വഴി തേടുകയും ചെയ്യേണ്ടതുണ്ട്. സർക്കാർ തലത്തിൽ അറബി ഭാഷാ അക്കാദമിയും വിപുലമായ ഗ്രന്ഥശേഖരമുള്ള പഠന ഗവേഷണ കേന്ദ്രവും മികച്ച തൊഴിൽ പരിശീലന കേന്ദ്രംകൂടി സംവിധാനിച്ചാൽ കിതപ്പിന് ആശ്വാസം ലഭിക്കുകയും കുതിപ്പിന് ആക്കംകൂടുകയും ചെയ്യും. സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയപ്പോഴാണ്
വ്യവസ്ഥാപിതമായ രീതിയിൽ കേരളത്തിലെ കലാലയങ്ങളിലും സർവകലാശാലകളിലും അറബി പഠനം വ്യാപകമാകുന്നത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സ്ഥാപക നേതാക്കളായ കരുവള്ളി ഉൾപ്പെടെയുള്ള പ്രഗത്ഭരായ ഭാഷാ സ്‌നേഹികളുടെയും ദീർഘദൃഷ്ടിയും എടുത്തു പറയേണ്ടതാണ്.
മലയാളം അറബി വിവർത്തനങ്ങൾ
എണ്ണത്തിൽ കുറവാണെങ്കിലും മൂല്യവത്തായ കൃതികളുടെ വിവർത്തനത്താൽ മലയാളം അറബി വിവർത്തനങ്ങൾ ശ്രദ്ധേയമാണ്. നോവലുകളും ചെറുകഥകളും കവിതകളും ലേഖനങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1956ൽ പുറത്തിറങ്ങിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ 'ചെമ്മീൻ' അറബിയിലേക്കു മൊഴിമാറ്റം നിർവഹിച്ചത് ഭാഷാ പണ്ഡിതനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. മുഹ്‌യുദ്ദീൻ ആലുവായിയാണ്. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ' എന്ന കൃതിയാണ് ഈജിപ്ഷ്യൻ നോവലിസ്റ്റ് മുഹമ്മദ് ഈദ് ഇബ്‌റാഹിം 'മിസ്‌ല തർനീമ' എന്ന പേരിൽ അറബീകരിച്ചത്. എം.ടി വാസുദേവൻ നായരുടെ 'കാലം' ഈജിപ്ഷ്യൻ എഴുത്തുകാരൻ സഹർ തൗഫീഖ് വിവർത്തനം നിർവഹിച്ച് യു.എ.ഇ.യിലെ കലിമ ബുക്‌സ് പ്രസിദ്ധീകരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നിരാശ'യെന്ന ചെറുകഥ 'അൽയഅ്‌സ്' എന്നപേരിൽ അറബീകരിച്ചിട്ടുണ്ട്. 'കേരള മാപ്പിള പൈതൃകം' എന്ന പേരിൽ ഡോ. കെ.കെ.എൻ. കുറുപ്പ് എഴുതിയ ലേഖനസമാഹാരത്തെ ഡോ. സുഹറാബി മോങ്ങം, പ്രൊഫ: കെ.ടി മുഹമ്മദ് എന്നിവർ ചേർന്ന് അറബീകരിച്ചു. മഹാകവി കുമാരനാശാന്റെ 'വീണപൂവ്' വിവർത്തനം ചെയ്തത് നന്മണ്ട അബൂബക്കർ മൗലവിയാണ്. അടുത്തിടെ നിരവധി മലയാള കവിതകളാണ് അറബിയിലേക്ക് തർജുമ ചെയ്യപ്പെട്ടത്.
(കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ
സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."