ശൈഖ് നവാഫ്: വിടപറഞ്ഞത് അറബ് ലോകത്തെ പ്രിയ നേതാവ്
Sheikh Nawaf: Dear leader of the Arab world
കുവൈത്തിന്റെ ആദരണീയനായ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിലൂടെ നഷ്ടമായത് അറബ് ലോകത്തെ ഏറ്റവും സ്വീകാര്യനായ നേതാവിനെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി അറബ് ലോകത്തു സമാധാനപരമായ സഹവർത്തിത്വവും ഐക്യവും ഉറപ്പുവരുത്തുന്നതിൽ ശൈഖ് നവാഫ് നടത്തിയ നിസ്തുലമായ ഇടപെടലുകൾ ചരിത്രത്തിൽ എന്നും പത്തരമാറ്റോടെ തന്നെ ഓർമ്മിക്കപ്പെടുമെന്നത് തീർച്ചയാണ്. പലപ്പോഴും ഗൾഫ് മേഖലയിൽ സംഘർഷത്തിന്റെ അലയൊലികളുണ്ടാകുമ്പോഴെല്ലാം പ്രശ്നപരിഹാരത്തിതിനായി മുന്നിട്ടിറങ്ങാനും ആരുടെയും പക്ഷം ചേരാതെ ഐക്യം നിലനിർത്താനും അനുരഞ്ജനത്തിനും വേണ്ടി ശൈഖ് നവാഫ് നിലകൊണ്ടിരുന്നു. ഇത്തരം സന്ദർഭങ്ങളിലൊക്കെയും കുവൈത്തിന്റെ മധ്യസ്ഥശ്രമവും നയതന്ത്ര ഇടപെടലുകളും അമീറിന്റെ നേതൃപാടവവും ലോക രാഷ്ട്രങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.
ആധുനിക കുവൈത്തിനെ രൂപപ്പെടുത്തിയതിലും രാജ്യത്തിൻറെ സമഗ്രമായ പുരോഗതിയിലും അദ്ദേഹത്തിന്റെ ഭരണസാരഥ്യം ഏറെ പ്രശംസനീയമായിരുന്നു.ഭരണാധികാരിയെന്ന നിലയില് ഗവർണറും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയും അമീറുമായി ഏറ്റവും മികച്ച ഭരണാധികാരിയായി ആധുനിക കുവൈത്തിനെ ലോക ഭൂപടത്തിൽ ഏറ്റവും മനോഹരമായി അടയാളപ്പെടുത്താൻ ശൈഖ് നവാഫിനു കഴിഞ്ഞു.
മാനുഷിക മൂല്യങ്ങൾക്ക് എന്നും മുഖ്യ പരിഗണ നാൽകാൻ അതീവ തൽപര്യം കാണിച്ച നേതാവ് കൂടിയായിരുന്നു ഷെയ്ഖ് നവാഫ്.കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ ലോകം തന്നെ വിറങ്ങലിച്ചു നിൽക്കുന്ന കാലത്ത് രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ അതീവ ജാഗ്രതയോടെ അദ്ദേഹം നടത്തിയ ഇടപെടലുകൾ കുവൈത്ത് ജനത എന്നും ഓർമ്മിക്കപ്പെടും. കോവിഡ് ഭീതി രാജ്യത്തെ പിടിമുറുക്കിയ ഘട്ടത്തിൽ സ്വദേശിയെന്നോ വിദേശിയെന്നോ വിത്യാസമില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കാൻ ശൈഖ് നവാഫ് കാണിച്ച ഹൃദയ വിശാലത കുവൈത്തിന്റെ കരുതലും സ്നേഹവും കൂടിയാണ് അടയാളപ്പെടുത്തിയത്.
ദുരിതമനുഭവിക്കുന്ന ജനതക്കു മനുഷ്യത്വത്തിന്റെ കരുതലായും കാരുണ്യത്തിന്റെ സഹായ ഹസ്തമായും എന്നും മുൻപന്തിയിലുള്ള രാജ്യമാണ് കുവൈത്തും അവിടുത്തെ ഭരണാധികാരികളും. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് സഹായവുമായി ആദ്യമായി രംഗത്തിറങ്ങിയത് കുവൈത്താണ്. ഗാസ്സയിലേക്ക് ഏറ്റവും കൂടുതൽ സഹായം അയച്ച രാജ്യങ്ങളിലൊന്നും കുവൈത്താണ്. പ്രയാസം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന മനുഷ്യ സ്നേഹികളായ കുവൈത്ത് ഭരണാധികാരികളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ശൈഖ് നവാഫും എന്നും നിലകൊണ്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."