മധ്യസ്ഥ ചര്‍ച്ചകള്‍ വിജയത്തിലേക്ക്; ചര്‍ച്ചയ്ക്ക് ഇസ്‌റാഈലിനെ നിര്‍ബന്ധിപ്പിച്ചത് ഹമാസിന്റെ പ്രത്യാക്രമണങ്ങള്‍
ഗസ്സ: രണ്ടരമാസം പിന്നിട്ട ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ മധ്യസ്ഥ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കൈറോ, ദോഹ, ടെല്‍ അവീവ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ദോഹയിലെത്തി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ് മാന്‍ അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. പോളിഷ് തലസ്ഥാനമായ വാഴ്‌സോയില്‍ കഴിഞ്ഞദിവസം ഇസ്‌റാഈലിന്റെയും യു.എസിന്റെയും ചാരസംഘടനകളുടെ മേധാവികളും മധ്യസ്ഥ ചര്‍ച്ചയുടെ പുരോഗതി വിലയിരുത്തി.
അന്തിമഘട്ട ചര്‍ച്ചകളുടെ ഭാഗമായി ഹമാസ് നേതാവും ഗസ്സ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൈറോയിലെത്തി. ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കാമില്‍ ഉള്‍പ്പെടെയുള്ളവരുമായി ഹനിയ്യ ചര്‍ച്ചനടത്തി. ഇതോടൊപ്പം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്‍ ലഹ്യാന്‍, ഖത്തര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
തടവുകാരെ കൈമാറുന്നതിനൊപ്പം വെടിനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ബന്ദികളെ കൈമാറാം എന്നതാണ് ഹമാസ് മുന്നോട്ടുവച്ച വ്യവസ്ഥ. വെടിനിര്‍ത്തല്‍ ഇസ്‌റാഈലും ആഗ്രഹിക്കുന്നുണ്ട്. മധ്യസ്ഥര്‍ക്ക് വഴങ്ങി വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തത്വത്തില്‍ തീരുമാനിച്ചതായി ഇസ്‌റാഈല്‍ മാധ്യമം യെദ്യോത്ത് അഹ്‌റൊനോത്ത് റിപ്പോര്‍ചെയ്തു.
40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ ആകാമെന്നാണ് ഹമാസിന് മുമ്പാകെ ഇസ്‌റാഈല്‍ മുന്നോട്ടുവച്ച ഉടമ്പടി. എന്നാല്‍ ഇതോടൊപ്പം ഫലസ്തീനി തടവുകാരെ കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും ഹമാസ് മുന്നോട്ടുവച്ചിട്ടുണ്ട്. തുടര്‍ച്ചയായി സൈനികര്‍ കൊല്ലപ്പെടുന്നതും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതും നെതന്യാഹു ഭരണകൂടത്തിനെതിരേ ഇസ്‌റാഈലിനുള്ളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹമാസിന്റെ തിരിച്ചടിയില്‍ ഇതുവരെ 140നടുത്ത് സയണിസ്റ്റ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇക്കാരണത്താലാണ് വെടിനിര്‍ത്തില്ലെന്ന കടുംപിടുത്തം ഉപേക്ഷിച്ച് ചര്‍ച്ചയുടെ പാതയിലേക്ക് ഇസ്‌റാഈലിനെ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."