ഡോ. ഷഹനയുടെ മരണം: ഉവൈസിന് ഉപാധികളോടെ ജാമ്യം
ഡോ. ഷഹനയുടെ മരണം: ഉവൈസിന് ഉപാധികളോടെ ജാമ്യം
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡോ. റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. റുവൈസിന്റെ വിദ്യാഭ്യാസം പരിഗണിച്ചാണ് ജാമ്യം. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.
റുവൈസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.
ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹരജിയില്‍ പറയുന്നത്. പൊലിസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
റുവൈസ് ഭീമമായ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്. കരുന്നാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു പൊലിസ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലിസ് കേസെടുത്തത്.ഷഹാന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് പി.ജി ഡോക്ടര്‍മാരുടെ സംഘടന (കെ.എം.പി.ജി.എ) നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."