HOME
DETAILS
MAL
മദീഹുല്‍ കറാഹിയ്യ: വെറുപ്പിന്റെ രാഷ്ട്രീയം
backup
October 17 2021 | 03:10 AM
കാട്ടുതീ പോലെയാണ് ആ വാര്‍ത്ത എങ്ങും പ്രചരിച്ചത്. സൈനിക വിമാനങ്ങളില്‍ മരുഭൂമിയിലെ ജയിലില്‍ വന്നിറങ്ങിയ പട്ടാളക്കാര്‍ തടവുകാര്‍ക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ജയിലിന്റെ ഇടനാഴികളില്‍ ശവങ്ങള്‍ ചിതറിക്കിടന്നു. തടവുകാരുടെ തലച്ചോറുകള്‍ മേല്‍ക്കൂരയില്‍ പോലും പറ്റിപ്പിടിച്ചു. ചരക്കുകപ്പലിലെ എലികള്‍ കൂടുകൂട്ടിയ പെട്ടികള്‍ക്കുള്ളില്‍നിന്നു ചീഞ്ഞ ഓറഞ്ചുകള്‍ പുറത്തേക്ക് ചിതറിവീണു കിടക്കുന്നതുപോലൊരു കാഴ്ചയായിരുന്നത്.
അലെപ്പോയിലെ ധാരാളം വീടുകളുടെ മട്ടുപ്പാവുകളില്‍ കറുത്ത കൊടികളുയര്‍ന്നു. അവയ്ക്കുള്ളില്‍ നിന്നു മനുഷ്യര്‍ അലമുറയിട്ടു കരയുന്നത് കേള്‍ക്കാം. ഒരു മണിക്കൂറുപോലും നീളാത്ത വെടിവയ്പിനിടയില്‍ എണ്ണൂറിലധികം തടവുകാരെയാണ് പട്ടാളക്കാര്‍ കൊന്നുതള്ളിയത്. ബുള്‍ഡോസറുകളില്‍ കോരിയെടുത്ത ശവശരീരങ്ങള്‍ മരുഭൂമിയിലെവിടെയോ കൊണ്ടുപോയി കുഴിച്ചിട്ടത്രെ. അലെപ്പോയിലേക്കോ, ഹമയിലേക്കോ ചെല്ലുന്ന ആളുകള്‍ അന്തംവിട്ടുപോകും. പ്രവാചക പൗത്രന്‍ ഹുസൈനിന്റെ ദാരുണാന്ത്യത്തില്‍ കര്‍ബലയിലെ ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും വിലപിക്കുന്നത് പോലൊരു കാഴ്ചയാണെങ്ങും.
ദുരന്തവാര്‍ത്തയറിഞ്ഞെത്തിയ സുആദ് കരഞ്ഞുകൊണ്ട് ഓടിയടുത്തെത്തി. അണച്ചുപിടിക്കുന്നതിനിടയില്‍ ഹുസ്സാമിന് സ്വര്‍ഗം ലഭിക്കട്ടെയെന്ന് അവര്‍ പ്രാര്‍ഥിക്കുന്നത് കേട്ടതും ഞാന്‍ തരിച്ചുനിന്നുപോയി. കേട്ടകാര്യം വിശ്വസിക്കാനാകാതെ നാവാകെ മരവിച്ചുപോയി. ശരീരം തളര്‍ന്നുപോകുന്നതിനിടയിലും ഞാന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ നിലത്തിരുന്ന് അലമുറയിട്ട് കരയുന്ന ഉമ്മയെയാണ് കണ്ടത്. മകനായ ഹുസ്സാമിന്റെ ഫോട്ടോയില്‍ തുരുതുരാ ഉമ്മവയ്ക്കുകയാണവര്‍. അല്‍പം കഴിഞ്ഞതും അവര്‍ എഴുന്നേറ്റ് ഭ്രാന്തിയെപ്പോലെ കുരവയിടാനും നൃത്തം ചെയ്യാനും തുടങ്ങി. ഉമ്മ പുറത്തേക്കിറങ്ങി ഓടുമെന്ന ഭയത്താല്‍ വലയം തീര്‍ത്തുനില്‍ക്കുകയാണ് മറിയമും സുഹ്‌റയും ഉമറും റിസ്വാനുമൊക്കെ. അവസാനം ഉമ്മ ബോധരഹിതയായി നിലത്തുവീണു'.
സിറിയന്‍ എഴുത്തുകാരന്‍ ഖാലിദ് ഖലീഫയുടെ 2006ല്‍ പുറത്തിറങ്ങിയ 'മദീഹുല്‍ കറാഹിയ്യ' എന്ന അറബി നോവലില്‍ പാല്‍മിറ ജയിലില്‍ നടന്ന കൂട്ടക്കൊലയെ സൂചിപ്പിക്കുന്ന ഭാഗമാണിത്. സിറിയയിലെ ഹാഫിസുല്‍ അസദിന്റെ നേതൃത്വത്തിലുള്ള ബഅസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെതിരെ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്വാന്‍ മുസ്‌ലിമൂന്‍)ന്റെ നേതൃത്വത്തില്‍ നടന്ന രക്തരൂക്ഷിതമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് 'മദീഹുല്‍ കറാഹിയ്യ'. സുന്നി, ശിയാ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന വെറുപ്പും വിദ്വേഷവും അലെപ്പോയിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതം തകര്‍ത്തെറിഞ്ഞത് എങ്ങനെയാണെന്നാണ് അക്കാലത്ത് ആ നാട്ടില്‍ ജീവിച്ചിരുന്ന ഖാലിദ് ഖലീഫ ചിത്രീകരിക്കുന്നത്. ഒപ്പം അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ അമേരിക്കന്‍ പിന്തുണയോടെ നടന്ന മുജാഹിദീന്‍ പോരാട്ടത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ താലിബാന്‍ സംഘത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും മറ്റൊരു കഥകൂടി നോവല്‍ പറയുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന രണ്ട് ദശകങ്ങളില്‍ അന്ധമായ വംശീയ വിരോധവും, ഭരണകൂട ഭീകരതയും സിറിയയില്‍ എത്രമാത്രം ഭീകരമായിരുന്നുവെന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന കൃതിയാണ് 'മദീഹുല്‍ കറാഹിയ്യ'.
രക്തപങ്കിലമായ ചരിത്രം
അറബ് ദേശീയവാദത്തിന്റെ ഭാഗമായി ജമാല്‍ അബ്ദുല്‍ നാസിറിന്റെ നേതൃത്വത്തിലുള്ള ഈജിപ്തുമായി ഉണ്ടാക്കിയ 'ഐക്യ അറബ് റിപ്പബ്ലിക്ക്' തകര്‍ന്നതിന് പിന്നാലെ 1963ല്‍ അറബ് സോഷ്യലിസ്റ്റ് പ്രസ്ഥാനമായ ബഅസ് പാര്‍ട്ടി സിറിയയില്‍ പട്ടാളവിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തതു മുതലാണ് സമകാലിക സിറിയയുടെ ചരിത്രം ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടന സിറിയയില്‍ നിരോധിക്കപ്പെട്ടു. 1971ല്‍ അലവിശിയാ വിഭാഗക്കാരനായ ഹാഫിസുല്‍ അസദ് പ്രസിഡന്റായതോടുകൂടി സര്‍ക്കാരും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കാന്‍ തുടങ്ങി. 1976ല്‍ സിറിയന്‍ പട്ടാളം അയല്‍രാജ്യമായ ലബനോണില്‍ അധിനിവേശം നടത്തിയതോടെ പലപ്രമുഖ അലവികളെയും ബ്രദര്‍ഹുഡുകാര്‍ വകവരുത്താന്‍ തുടങ്ങി. പ്രക്ഷോഭകേന്ദ്രമായ അലെപ്പോയിലെ ബ്രദര്‍ഹുഡുകാരെയാകെ തിരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യുന്ന സമീപനമായിരുന്നു സിറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 1980 ജൂണില്‍ പ്രസിഡന്റ് ഹാഫിസിന് നേരെയുണ്ടായ ഒരു വധശ്രമം ബ്രദര്‍ഹുഡ് തടവുകാരെ പാര്‍പ്പിച്ചിരുന്ന പാല്‍മിറ മരുഭൂമിയിലെ ജയിലിലെ കൂട്ടുക്കൊലയിലാണ് അവസാനിച്ചത്. ബ്രദര്‍ഹുഡില്‍ ചേരുന്ന ആരെയും വധിക്കുമെന്ന നിലപാടായിരുന്നു അക്കാലത്ത് സിറിയന്‍ സര്‍ക്കാരിന്റേത്. പ്രസിഡന്റിന്റെ സഹോദരന്‍ രിഫാഅതുല്‍ അസദ് രൂപീകരിച്ച 'ഡിഫന്‍സ് സ്‌ക്വാഡ്' (സറായാ അല്‍ദിഫാഅ്) എന്ന പാരാമിലിറ്ററി കൊലയാളിസംഘമായിരുന്നു നിഷ്ഠൂരമായ ബ്രദര്‍ഹുഡ് വേട്ടനടത്തിയത്.
1982 ഫെബ്രുവരിയില്‍ അരങ്ങേറിയ ഹമ പ്രക്ഷോഭമായിരുന്നു ഇക്കാലത്തെ ഏറ്റവും സംഘര്‍ഷഭരിതമായ സംഭവം. സിറിയയിലെ നാലാമത്തെ വലിയ പട്ടണമായ ഹമയുടെ നിയന്ത്രണം ബ്രദര്‍ഹുഡ് കൈക്കലാക്കിയതോടു കൂടി സിറിയന്‍ പട്ടാളം അവിടം വളയുകയായിരുന്നു. 27 ദിനം നീണ്ടുനിന്ന ശക്തമായ ഉപരോധത്തിനിടയില്‍ രണ്ടരലക്ഷം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹമപട്ടണത്തില്‍ ഹെലികോപ്ടറുകളും ബുള്‍ഡോസറുകളും ടാങ്കുകളുമുപയോഗിച്ച് സൈന്യം ആക്രമണം നടത്തി. ഡിഫന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ബ്രദര്‍ഹുഡ് പോരാളികളെ ഒന്നൊന്നായി പിടികൂടി വെടിവച്ചുകൊന്നു. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായിരുന്ന റോബര്‍ട്ട് ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തോളം ജനങ്ങള്‍ ഹമയില്‍ മാത്രം കൊല്ലപ്പെട്ടെന്നാണ്. ഒരു അറബ് ഭരണകൂടം സ്വന്തം ജനതയ്ക്ക് നേരെ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായാണ് ഹമയിലെ സംഭവങ്ങള്‍ കരുതപ്പെടുന്നത്. സിറിയയിലെ ബ്രദര്‍ഹുഡിനെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ ഇതിലൂടെ അസദ് ഭരണകൂട്ടത്തിനായി. 2000ല്‍ ഹാഫിസ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ മകന്‍ ബശാറുല്‍ അസദും പിതാവിനെപ്പോലെ എതിരാളികളെ നിഷ്ഠൂരമായി അമര്‍ച്ച ചെയ്യുന്ന രീതി തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നതാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ ദുര്യോഗം.
അവളുടെ കഥ
സിറിയയിലെ അലപ്പോ പട്ടണത്തില്‍ 1980കളിലാണ് 'മദീഹുല്‍ കറാഹിയ്യ' നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. കൗമാരക്കാരിയായൊരു പെണ്‍കുട്ടി സ്വന്തം കഥപറയുകയാണ്. അവളുടെ പേര് ഒരിടത്തും സൂചിപ്പിക്കാതിരിക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നമുക്കവളെ തല്‍ക്കാലത്തേക്ക് റീമ എന്ന് വിളിക്കാം. ഈജിപ്തുമായുള്ള സിറിയന്‍ ഐക്യസര്‍ക്കാര്‍ തകരുന്നത് വരെ അലക്‌സാണ്ട്രിയയില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന ആളായിരുന്നു റീമയുടെ പിതാവ്. പിന്നീട് അലെപ്പോയില്‍ തിരിച്ചെത്തിയതോടെയാണ് അയാള്‍ റീമയുടെ ഉമ്മയെ വിവാഹം കഴിക്കുന്നത്. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ കൂടിയുണ്ട്, ഹുസ്സാമും ഹമ്മാമും. റീമയുടെ ഉമ്മയുടെ പിതാവ് അലെപ്പോയിലെ ജല്ലൂമിലുള്ള അറിയപ്പെട്ട പരവതാനി കച്ചവടക്കാരനാണ്. അദ്ദേഹത്തിന് റീമയുടെ ഉമ്മയെക്കൂടാതെ വേറെയും ആറ് മക്കളുണ്ടായിരുന്നു, മറിയം, സ്വഫാ, മര്‍വ, സലീം, ബകര്‍, ഉമര്‍. ഉപ്പുപ്പയും ഉമ്മുമ്മയും മരിച്ചതോടെ റീമയെ ജല്ലൂമിലെ തറവാട്ട് വീട്ടിലേക്ക് മറിയം കൂട്ടിക്കൊണ്ടുപോയി. ആഴ്ചയിലൊരിക്കല്‍ റീമ അവളുടെ ഉമ്മയേയും സഹോദരങ്ങളെയും കാണാന്‍ പോകും.
ജല്ലൂമിലെ വലിയ കുടുംബവീട് റീമയെ സംബന്ധിച്ചൊരു വിസ്മയം തന്നെയായിരുന്നു. ആന്റിമാരെ കൂടാതെ അവിടെ റിസ്‌വാന്‍ എന്നൊരു അന്ധനായ വേലക്കാരനുമുണ്ട്. ഉപ്പൂപ്പ ജീവിച്ചിരുന്നപ്പോള്‍ അലെപ്പോയിലെ അമവി പള്ളിയില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നതാണ് റിസ്‌വാനെ. ഇപ്പോള്‍ ആ വീടിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് റിസ്‌വാന്‍. എല്ലാ വ്യാഴാഴ്ച വൈകുന്നേരവും വീട്ടിലെ പെണ്ണുങ്ങള്‍ക്ക് അകമ്പടി പോകുന്ന റിസ്‌വാന്‍ ജല്ലൂമുകാര്‍ക്കൊരു കാഴ്ചതന്നെയായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമുള്ള പൊതുകുളിപ്പുരയിലേക്കുള്ള യാത്രയായിരിക്കുമത്.
റീമയുടെ ഉമ്മയുടെ സഹോദരനായ ബകര്‍ അങ്കിള്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകനായിരുന്നു. അയാള്‍ക്കൊപ്പം റീമയുടെ സഹോദരന്‍ ഹുസ്സാമും ചേര്‍ന്നു. സ്‌കൂളിലെ അലവിപെണ്‍കുട്ടികളുമായി കൂട്ടുകൂടരുതെന്ന് ബകര്‍ അങ്കിള്‍ പയറുമ്പോള്‍ അവര്‍ സര്‍ക്കാര്‍ ചാരന്മാരാണെന്ന വിശ്വാസം റീമയുടെ മനസിലും നിറയുകയായിരുന്നു.
ബകറിന്റെ ബ്രദര്‍ഹുഡുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വന്നവരുടെ കൂട്ടത്തില്‍ ഒരു യമനിയുമുണ്ടായിരുന്നു. പഴയ കമ്യൂണിസ്റ്റുകാരനായ അബ്ദുല്ല. അയാള്‍ക്ക് മറിയത്തിന്റെ സഹോദരി സ്വഫായെ ഇഷ്ടപ്പെട്ടു. അബ്ദുല്ലയെ വിവാഹം കഴിച്ച് എങ്ങനെയും ആ നാട്ടില്‍നിന്ന് രക്ഷപ്പെടാന്‍ സ്വഫായ്ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് റഷ്യക്കാരെ തുരത്താനായി പോരാട്ടത്തിനിറങ്ങിയ മുജാഹിദ് കൂടിയായിരുന്നു അബ്ദുല്ല. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുമായി ചേര്‍ന്ന് അബ്ദുല്ല നടത്തുന്ന അഫ്ഗാന്‍ പോരാട്ടങ്ങളെക്കുറിച്ചും, തുടര്‍ന്ന് അവിടെ താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനെ പറ്റിയുമൊക്കെ നോവലില്‍ കാര്യമായ വിവരണമുണ്ട്.
ദുരന്തങ്ങളുടെ തുടക്കം
അയല്‍വാസിയായ അബ്ബാസ് എന്ന പട്ടാളക്കാരാനെ റീമയുടെ സഹോദരന്‍ ഹുസ്സാമിന്റെ നേതൃത്വത്തിലുള്ള ഇഖ്‌വാന്‍കാര്‍ കൊലപ്പെടുത്തിയതോടെ അവളുടെ മാത്രമല്ല, ജല്ലൂമിലെ ജനങ്ങളുടെയാകെ സ്വസ്ഥത തകര്‍ന്നു. ബകര്‍ അങ്കിളും ഹുസ്സാമും ഒളിവില്‍ പോയതോടെ അവരെ തിരഞ്ഞ് 'ഡെത്ത് സ്‌ക്വാഡ്' പട്ടാളക്കാര്‍ വീട്ടിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്കുള്ള വീട് താറുമാറാക്കിയുള്ള പരിശോധനകളും, ചോദ്യം ചെയ്യലും, ഭീഷണികളും വെറുപ്പിന്റെ കനലുകള്‍ ആളിക്കത്തിച്ചതേയുള്ളൂ.
പതിയെ റീമയും ബ്രദര്‍ഹുഡിന്റെ വനിതാ വിഭാഗത്തില്‍ രഹസ്യ അംഗമായി മാറി. അലവി വിഭാഗക്കാര്‍ക്കെതിരെയുള്ള ഒളിയാക്രമണങ്ങള്‍ ശക്തമായതോടെ ഡെത്ത് സ്‌ക്വാഡുകാര്‍ ജല്ലൂമിലെ 17 ചെറുപ്പക്കാരെ തിരഞ്ഞെടുപിടിച്ച് നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നു. ഇതിനിടയിലാണ് ഹുസ്സാമിനെ തിരഞ്ഞ് ഇടയ്ക്കിടക്ക് വീട്ടില്‍ പരിശോധന നടത്തുന്ന ഡെത്ത് സ്‌ക്വാഡ് അംഗമായ നദീറുമായി മര്‍വ ആന്റി പ്രണയത്തിലാകുന്നത്. ആരെതിര്‍ത്താലും താന്‍ നദീറിനെ തന്നെ വിവാഹം കഴിക്കുമെന്ന് മര്‍വ വാശിപിടിച്ചു. വിവരമറിഞ്ഞ് ബകറിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍വയെ ഇരുമ്പ് കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടു. പോകുന്ന നേരം തങ്ങള്‍ നദീറിനെ വകവരുത്തിയെന്ന് കൂടി അവര്‍ പറഞ്ഞു. എന്നാല്‍ നദീര്‍ മരിച്ചില്ല. ആഴ്ചകള്‍ക്ക് ശേഷം പട്ടാളക്കാരെയും കൂട്ടി സ്‌ട്രെച്ചറില്‍ ഊന്നിവന്ന നദീര്‍ മര്‍വയെ മോചിപ്പിച്ച് വിവാഹം കഴിച്ചു. മറിയം അലമുറയിട്ട് കരഞ്ഞതൊന്നും മര്‍വയെ പിന്തിരിപ്പിച്ചതേയില്ല.
പട്ടാളവുമായി പിന്നീട് നടന്നൊരു പോരാട്ടത്തില്‍ മുറിവേറ്റ ഹുസ്സാം തടവിലായി. ബകര്‍ അങ്കിളാകട്ടെ രക്ഷപ്പെടാന്‍ വേറെവഴിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചോടി. പ്രസിഡന്റിന് നേരെ വധശ്രമം ഉണ്ടാകുന്നത് ഇക്കാലത്താണ്. ഇതിന് പ്രതികാരമായി തൊട്ടടുത്ത ദിവസം രാവിലെ ഡെത്ത് സ്‌ക്വാഡിലെ പട്ടാളക്കാര്‍ ഹുസ്സാം അടക്കമുള്ള ബ്രദര്‍ഹുഡ് തടവുകാരെ പാര്‍പ്പിച്ചിരുന്ന പാല്‍മിറ മരുഭൂമിക്കുള്ളിലെ ജയിലിലെത്തി എണ്ണൂറോളം മനുഷ്യരെ നിഷ്ഠൂരമായി വെടിവച്ചുകൊന്നു. അവരുടെ മൃതശരീരങ്ങള്‍ പോലും ഉറ്റവര്‍ക്ക് വിട്ടുകൊടുത്തില്ല. മകന്‍ മരിച്ച ആഘാതം താങ്ങാനാവാതെ റീമയുടെ ഉമ്മ മരിച്ചു.
കാത്തിരുന്ന തടവറ
1981ലെ ക്രിസ്തുമസ് കാലത്ത് അലെപ്പോ അക്ഷരാര്‍ഥത്തില്‍ മരണത്തിന്റെ പട്ടണമായി തീര്‍ന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച പട്ടാളം ആ പ്രദേശമാകെ ആഴ്ചകളോളം ഉപരോധിച്ചു. സമീപത്തുള്ള മറ്റൊരു പട്ടണമായ ഹമയില്‍ ബ്രദര്‍ഹുഡ് കലാപം കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസം വൈകുന്നേരം കോളജില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ റീമയെ രഹസ്യപ്പൊലിസുകാര്‍ അറസ്റ്റ് ചെയ്തു. പിന്നീടുള്ള ഏഴരവര്‍ഷക്കാലം സ്ത്രീകളുടെ ജയില്‍ അടക്കമുള്ള പലതടവറകളിലായിരുന്നു അവളുടെ ജീവിതം. ചോദ്യം ചെയ്യലുകളും മര്‍ദ്ദനങ്ങളും പതിവായിരുന്നു ആദ്യവര്‍ഷങ്ങളില്‍.
പതിയെ ജയില്‍ ജീവിതത്തോട് പൊരുത്തപ്പെടേണ്ടിവന്നു. ഒപ്പം വിവിധ വിഭാഗക്കാരായ തടവുകാരികളോട് ഇടപഴകിയത് അവളുടെ മനസിലെ വിദ്വേഷത്തിന്റെ അണുക്കളെക്കൂടിയാണ് നശിപ്പിച്ചത്. യുവത്വത്തിന്റെ നല്ലകാലം മുഴുവന്‍ ജയിലിനുള്ളില്‍ ഹോമിച്ചശേഷം പുറത്തേക്ക് വന്നത് റീമയുടെ പ്രേതം മാത്രമായിരുന്നു. അലെപ്പോയിലെ ജീവിതം അസഹനീയമായപ്പോള്‍ അവള്‍ എങ്ങനെയൊക്കെയോ ലണ്ടനിലേക്ക് നാടുവിട്ടു. അവിടെ ഹീത്രൂ വിമാനത്താവളത്തില്‍ പഴയ വിപ്ലവ വീര്യമൊക്കെ നഷ്ടപ്പെട്ട ബകര്‍ അങ്കിളും കുടുംബവും റീമയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
അലെപ്പോയുടെ സ്വന്തം
കഥാകാരന്‍
ആലിപ്പഴം പോലെ ശവങ്ങള്‍ വീഴുമ്പോള്‍ രക്തസാക്ഷിത്വത്തിന് വിലയില്ലാതാകുന്നു എന്ന പരമാര്‍ഥം വിളിച്ചുപറയുന്ന എഴുത്തുകാരനാണ് ഖാലിദ് ഖലീഫ. സിറിയ എന്ന നാട്ടില്‍ ജനിച്ചുപോയി എന്നൊരു തെറ്റ് മാത്രം ചെയ്ത ഒരു ജനതയുടെ അവസാനിക്കാത്ത യാതനാപര്‍വ്വങ്ങളാണ് ഖലീഫയുടെ ഓരോ കൃതിയും. മറ്റ് സിറിയന്‍ എഴുത്തുകാരില്‍നിന്നു വ്യത്യസ്തമായി ആ നാട്ടില്‍തന്നെ ധൈര്യസമേതം ജീവിച്ച് അസദ് ഭരണകൂടത്തിന്റെ ഭീകരത തുറന്നു കാട്ടുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ബഹുഭൂരിപക്ഷമായ സുന്നിവിഭാഗക്കാരെ ന്യൂനപക്ഷമായിട്ടും അധികാരത്തിന്റെ ശക്തിയുള്ള അലവി ശിയാക്കള്‍ അടിച്ചമര്‍ത്തുന്ന കാഴ്ചകളാണ് സിറിയയില്‍നിന്ന് പുറത്തു വരുന്നത്. ഭരണകൂടഭീകരതയെ തുറന്ന് കാട്ടുമ്പോഴും മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കാനോ, സുന്നിശിയാ സംഘര്‍ഷത്തില്‍ പക്ഷംചേരാനോ എഴുത്തുകാരന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മഹത്തായ പൗരാണിക സംസ്‌കാരം നിലനിന്നിരുന്ന ഒരു പ്രദേശത്തെ വിദ്വേഷവും വെറുപ്പും എങ്ങനെയാണ് ഭൂമിയിലെ നരകമാക്കിത്തീര്‍ത്തതെന്ന് വിഹ്വലതയോടെ മാത്രമേ വായനക്കാര്‍ക്ക് തിരിച്ചറിയാനാവുകയുള്ളൂ.
2006ല്‍ സിറിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവല്‍ പിന്നാലെ നിരോധിക്കപ്പെട്ടു. അതേവര്‍ഷം തന്നെ ലെബനോണിലെ ദാറുല്‍ ആദാബ് നോവല്‍ പുനഃപ്രസിദ്ധീകരിച്ചു. 2008ലെ അറബ് ബുക്കര്‍ സമ്മാനത്തിനുള്ള അവസാന ചുരുക്കപ്പട്ടികയില്‍ 'മദീഹുല്‍ കറാഹിയ്യ' ഇടംപിടിച്ചു. 2012ല്‍ 'കി ജൃമശലെ ീള ഒമേൃലറ' എന്ന പേരില്‍ ലെറി പ്രൈസിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നതോടെ ഖാലിദ് ഖലീഫ യൂറോപ്പിലെ വായനക്കാര്‍ക്കിടയിലും പ്രസിദ്ധനായി. 2013ലെ ഇന്‍ഡിപെന്‍ഡന്റ് ഫോറിന്‍ ഫിക്ഷന്‍ പ്രൈസ് 'കി ജൃമശലെ ീള ഒമൃേലറ' നേടി. എക്കാലത്തെയും മികച്ച 100 ലോകനോവലുകളുടെ പട്ടിക അമേരിക്കയിലെ മ്യൂസ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നാല് അറബി നോവലുകള്‍ അതില്‍ ഇടംപിടിച്ചിരുന്നു. അതില്‍ ഒന്ന് ഖാലിദ് ഖലീഫയുടെ ഈ നോവലായിരുന്നു. 2012ലെ സിറിയന്‍ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ ഖലീഫയുടെ മറ്റൊരു നോവലായ 'അല്‍മൗത് അമല്‍ ഷാഖ്' (2015) മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ('മരണം ദുഷ്‌കരം', ഗ്രീന്‍ ബുക്‌സ്, 2018).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."