നൂറിന്റെ നോട്ട്
A hundred note
സുധിന്‍
'വണ്ടി നിര്‍ത്ത്...'
ബുള്ളറ്റുപോലെ ചീറിപ്പാഞ്ഞ കാറിനുള്ളില്‍ മലര്‍ന്നുകിടന്ന മന്ത്രി പൊടുന്നനെ ആജ്ഞാപിച്ചു.
ഏറെ ഇഷ്ടത്തോടെ സമീപകാലത്ത് വാങ്ങിയ വണ്ടി അനുസരണയോടെ നിന്നു. ഒപ്പം എസ്‌കോര്‍ട്ട് വാഹനങ്ങളും. മന്ത്രി ഡോര്‍ തുറന്ന് പുറത്തിറങ്ങി. വിജനമായ നിരത്ത്.
വെയിലിന് ചൂടുകൂടുന്ന നേരം. ചുറ്റും നോക്കി.... കാമറ ഒളിപ്പിച്ചുവച്ച് കുറ്റിക്കാട്ടിലും കാണും മാധ്യമപ്പടകള്‍... ഒരു തീപ്പൊരി കിട്ടിയാല്‍ മതി, അവര്‍ അഗ്‌നിപ്രളയം സൃഷ്ടിക്കും... ഭാഗ്യം.. സമീപത്തെങ്ങും ആരുമില്ല. മുകളില്‍ തെളിച്ചം വര്‍ധിപ്പിക്കുന്ന സൂര്യന്‍. താഴെ, ചിതറിയ വെളിച്ചത്തുണ്ടുകള്‍
'ഡോണ്ട് ഫോളോ മീ...'
ചില സന്ദര്‍ഭങ്ങളില്‍ മലയാളത്തേക്കാള്‍ ശക്തിയും തൂക്കവും മുഴക്കവും ഇംഗ്ലീഷിനുണ്ട്. ആജ്ഞാനുവര്‍ത്തികളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട അത്ഭുതഭാവം അവഗണിച്ച് മന്ത്രി നിരത്തിനപ്പുറമുള്ള മതില്‍ക്കെട്ടിനുള്ളിലേക്കു കയറി. നിമിഷങ്ങള്‍ക്കു ശേഷം മടങ്ങിവന്നപ്പോള്‍ ആ മുഖം ഏറെ പ്രസന്നവും പ്രശാന്തവുമായിരുന്നു.
ഒരു വലിയ ഭാരം ഇറക്കിവച്ച ആശ്വാസത്തോടെ... കുഴഞ്ഞുമറിഞ്ഞ ഏതോ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തിയ സംതൃപ്തിയോടെ പറഞ്ഞു.
'വണ്ടി വിട്ടോളൂ...'.
ആരാധനാലയത്തിന് വേണ്ടി ഇരുവിഭാഗം തമ്മിലുള്ള തര്‍ക്കം മുറുകിനില്‍ക്കുന്ന സമയം. സംഘര്‍ഷമേഖലയിലേക്ക് സന്ധിസംഭാഷണത്തിനുള്ള യാത്ര മന്ത്രി തുടരുമ്പോള്‍ വിഘ്‌നേശ്വരന്‍ കോവിലിലെ കാണിക്ക വഞ്ചിയില്‍ കിടന്ന് ഒരു നൂറുരൂപ നോട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു... ആരാണ് ഇവിടെ നിരീശ്വരവാദികള്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."