വിദേശത്ത് മെഡി. ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് വേണ്ട
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യതയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടെന്നു ഹൈക്കോടതി. വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയ ശേഷം പ്രാക്ടീസ് യോഗ്യത നേടുന്നവര്‍ക്ക് സംസ്ഥാനത്ത് വീണ്ടും ഇന്റേണ്‍ഷിപ്പ് ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. തിരുവനന്തപുരം മണക്കാട് സ്വദേശി സാദിയ സിയാദ് നല്കിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി സുരേഷ്കുമാറിന്റെ ഉത്തരവ്. സ്ഥിരം രജിസ്ട്രേഷന് അപേക്ഷ നല്കിയാല് നിര്‍ബന്ധിത റൊട്ടേറ്ററി റസിഡന്‍ഷ്യല്‍ ഇന്റേണ്‍ഷിപ്പ് ആവശ്യപ്പെടാതെതന്നെ രജിസ്ട്രേഷന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരം രജിസ്ട്രേഷന് ലഭിക്കുന്നതിനുള്ള യോഗ്യത ഹര്ജിക്കാരിക്കുള്ളതുകൊണ്ട് ഇവര്‍ക്ക് രജിസ്ട്രേഷന് നിഷേധിക്കരുതെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. ദുബൈയില്‍നിന്ന് 2019ല്‍ മെഡിക്കല്‍ ബിരുദം നേടിയ സാദിയ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കുകീഴിലുള്ള വിവിധ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയില്‍ നിന്ന് മെഡിക്കല്‍ പ്രാക്ടീഷണറായി എന്റോള്‍ ചെയ്യാന്‍ അര്‍ഹത നേടിയിട്ടുണ്ടെന്ന വിവരം ബോധിപ്പിച്ചിട്ടും സ്റ്റേറ്റ് മെഡിക്കല്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."