ഖത്തറിൽ ഫാമിലി വിസിറ്റ് വിസയ്ക്ക് 5,000 റിയാൽ ശമ്പളം വേണം
ദോഹ
ഭാര്യ, മക്കള്‍ എന്നിവരെ ഫാമിലി വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം ശമ്പളം 5,000 റിയാല്‍ വേണമെന്ന് ഖത്തര്‍. രക്ഷിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യയുടെ ബന്ധുക്കള്‍ തുടങ്ങി മറ്റ് കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കൊണ്ടുവരണമെങ്കില്‍ മിനിമം ശമ്പളം 10,000 റിയാല്‍ ഉണ്ടായിരിക്കണം.
വെര്‍ച്വല്‍ ബോധവല്‍ക്കരണ സെമിനാറില്‍ യു.എസ്.ഡി സര്‍വിസ് ഓഫിസ് വകുപ്പ് മേധാവി ലഫ.കേണല്‍ ഡോ. സാദ് ഔവെയ്ദ അല്‍ അഹ്ബാബിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2 മുഖേന ഭാര്യക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം.സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷയോടൊപ്പം തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ ലെറ്റര്‍, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍, അപേക്ഷകന്റെ ഖത്തര്‍ ഐഡി പകര്‍പ്പ്, ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ബന്ധം തെളിയിക്കുന്ന രേഖ (ഭാര്യയാണെങ്കില്‍ സാക്ഷ്യപ്പെടുത്തിയ അംഗീകൃത വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്), തൊഴില്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നീ രേഖകളാണ് ആവശ്യമുള്ളത്.
രക്ഷിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ മറ്റ് കുടുംബാംഗങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടിയുള്ള സന്ദര്‍ശക വിസകളും മെട്രാഷ്-2 മുഖേന തന്നെ അപേക്ഷിക്കാം. സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷ, തൊഴിലുടമയുടെ നോ-ഒബ്ജക്ഷന്‍ ലെറ്റര്‍, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍, അപേക്ഷകന്റെ ഖത്തര്‍ ഐഡി പകര്‍പ്പ്, ഭാര്യയുടെ റസിഡന്‍സി കാര്‍ഡ് പകര്‍പ്പ് (ഭാര്യക്കാണ് റസിഡന്‍സി ഉള്ളതെങ്കില്‍), ബന്ധം തെളിയിക്കുന്ന രേഖകള്‍ എന്നിവയാണ് വേണ്ടത്.
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് സന്ദര്‍ശക വിസയില്‍ ഖത്തറില്‍ പ്രവേശിക്കാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."