HOME
DETAILS

ദരിദ്രരുടെ അവസാനതുള്ളിയും പിഴിഞ്ഞൂറ്റുന്ന ഭരണകൂടങ്ങൾ

  
backup
November 22 2021 | 04:11 AM

4565434213-2


കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പുതുവർഷത്തെ സ്വാഗതം ചെയ്യാനൊരുങ്ങുന്നത് ദരിദ്രജനതയുടെ അവസാന തുള്ളിയും പിഴിഞ്ഞൂറ്റിക്കൊണ്ടാണ്. മനുഷ്യനൊഴികെ മറ്റെല്ലാറ്റിനും ഭരണകൂടങ്ങളും വൻകിടക്കാരും വിലകളും സർവിസ് ചാർജുകളും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്യായമായ വില വർധനവിനെതിരേ നടപടിയെടുക്കാതെ ജനങ്ങൾക്ക് പുതുവർഷത്തിൽ സർവ ഐശ്വര്യവും നേരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്രൂരഫലിതത്തിന്റെ മുദ്രകളായിരിക്കും പകരുക.
ബസ്ചാർജ് വർധിപ്പിച്ച് സാധാരണക്കാരന്റെ മുതുക് എങ്ങനെ ഒടിക്കാമെന്ന ചർച്ചയിലാണ് ബസ് മുതലാളിമാരും സംസ്ഥാന ഭരണകൂടവും. വകുപ്പുകളിൽ എന്താണ് നടക്കുന്നതെന്നറിയാത്ത മന്ത്രിമാർ വൈദ്യുതി, ബസ് ചാർജുകൾ വർധിപ്പിക്കുന്നതിൽ ജാഗരൂകരാണ്. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈകിട്ട് 6 മുതൽ രാത്രി 10 വരെയുളള സമയത്തേക്ക് ചാർജ് കൂട്ടാനാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാർ പൊട്ടണമെങ്കിൽ ഭൂകമ്പം ഉണ്ടാകണമെന്ന അഭിപ്രായം തുറന്നുപറഞ്ഞ ഏക മന്ത്രി കൂടിയാണദ്ദേഹം. പീക്ക് അവറിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് ഉപയോഗിക്കുന്നതെന്നും ഇത് വലിയ സാമ്പത്തികഭാരമാണ് വരുത്തിവയ്ക്കുന്നതെന്നുമാണ് ബോർഡിന്റെ വാദം. ഇത് പരിഹരിക്കാനുള്ള എളുപ്പമാർഗം സാധാരണക്കാരൻ്റെ പിടലിക്കുപിടിക്കുകയെന്നത് തന്നെയാണ്. വൻകിടക്കാരുടെ വമ്പൻ വൈദ്യുതി കൂടിശ്ശിക പിരിച്ചെടുക്കാതെ കണ്ണടയ്ക്കുകയും ചെയ്യാം.


വൈകുന്നേരം മുതലുള്ള വൈദ്യുതിനിരക്ക് കൂട്ടിയാൽ ആ സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നാണ് ബോർഡിൻ്റെ തലയിൽ ഉദിച്ച പരിഹാരം. ശരിയാണ്. ഈ സമയത്താണല്ലോ സാധാരണക്കാരന്റെ മക്കൾ രണ്ടക്ഷരം പഠിക്കാനിരിക്കുന്നത്. പണക്കാർക്ക് സ്റ്റെപ്പ് അപ്പും ഇൻവർട്ടർ സൗകര്യവും ഉണ്ടായിരിക്കും. ദരിദ്രന്റെ മക്കൾ പാട്ടവിളക്ക് ഉപയോഗിക്കാമെന്ന് വിചാരിച്ചാൽ അതും നടക്കില്ല. മണ്ണെണ്ണയ്ക്ക് വില വർധിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനോട് നേരത്തെതന്നെ കേന്ദ്രസർക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ധനവില ക്രമാതീതമായി ഉയർന്നതിനാൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അനുഭാവപൂർവമാണ് മന്ത്രി എ.കെ ശശീന്ദ്രൻ അനുവദിച്ചത്. ചാർജ് വർധനവിലൂടെ ജനങ്ങളെ എത്രത്തോളം പിഴിയാമെന്നതിൽ മാത്രമേ ഭരണകൂടത്തിനും ബസ് മുതലാളിമാർക്കും ഇടയിൽ അഭിപ്രായവ്യത്യാസമുള്ളൂ. അത് രമ്യമായി പരിഹരിച്ച് ജനങ്ങളുടെമേൽ അധികചാർജ് വൈകാതെ ചുമത്തപ്പെടും.


എന്നാൽ, മന്ത്രിമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ ചാർജ് വർധനവ് ബാധകമാകുന്നുമില്ല. അവർക്ക് വൈദ്യുതിയും വെള്ളവും യാത്രയുമെല്ലാം സൗജന്യമാണ്. ഓരോ സംസ്ഥാനത്തെയും ജനങ്ങൾക്ക് വൈദ്യുതിയും യാത്രയും ശുദ്ധജലവും സൗജന്യമായി നൽകാൻ അതത് സംസ്ഥാന സർക്കാരുകൾക്ക് കഴിയുമെന്ന് പറയുന്നത് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളാണ്. വെറുതെ പറയുകയല്ല. തന്റെ സംസ്ഥാനത്തെ ജനങ്ങൾക്ക് ശുദ്ധജലമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ സൗജന്യമാക്കിക്കൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത്. അതിനുവേണ്ടത് മുഖ്യമന്ത്രിമാർ നേതൃത്വം നൽകുന്ന ഭരണകൂട അഴിമതി ഇല്ലാതാവുകയും വൻകിടക്കാർ വരുത്തിയ നികുതി കുടിശ്ശികയിലെ കോടികൾ തിരിച്ചുപിടിച്ചാൽ മാത്രം മതിയെന്നാണ് അദ്ദേഹം പറയുന്നത്. റോഡും പാലവും പോലുള്ള പദ്ധതിനിർവഹണത്തിൽ വരുന്ന ഭീമമായ വെട്ടിപ്പും അഴിമതിയും തടഞ്ഞാലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സൗജന്യമായി അവർക്ക് എത്തിച്ചുകൊടുക്കാൻ കഴിയുമെന്നും ഡൽഹി മുഖ്യമന്ത്രി പറയുന്നു.
കേരളത്തിൽ ഇതൊന്നും നടപ്പാലാവില്ല. വൻകിടക്കാരുടെ കാരുണ്യംകൊണ്ടാണിവിടെ രാഷ്ട്രീയപാർട്ടികൾ ജീവിക്കുന്നത്. വിവിധ പാർട്ടികളുടെ ജില്ലാ സമ്മേളനങ്ങൾ മുതൽ സംസ്ഥാന സമ്മേളനങ്ങൾ വരെ കൊഴുക്കുന്നത് കോടീശ്വരന്മാരായ നികുതിവെട്ടിപ്പുകാരുടെ ദയാദാക്ഷിണ്യത്താലാണ്. കെജ്‌രിവാളിന് ഇതൊന്നും വേണ്ടെങ്കിലും കേരളം പോലുള്ള സാക്ഷരരായ സംസ്ഥാനങ്ങളിൽ ഇതൊക്കെ വേണം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയാണ് കന്നിക്കാരനായ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ അതിനേക്കാളുമെല്ലാം എളുപ്പം സാധാരണക്കാരന്റെ കൊങ്ങയ്ക്കുപിടിക്കുന്നതാണെന്ന് ഭരണാധികാരികൾ നേരത്തെതന്നെ മനസിലാക്കിയിട്ടുണ്ട്. അധികംപോയാൽ ഒരു പ്രതിഷേധജാഥയിൽ എല്ലാം ഒതുങ്ങുമെന്നും ഭരണകൂടത്തിനറിയാം.
പ്രളയത്തിന്റെ പേരുപറഞ്ഞാണ് വ്യാപാരികൾ പച്ചക്കറി വില ഇരട്ടിയിലധികം വർധിപ്പിച്ചത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാനോ വിപണിയിൽ ഇടപെടാനോ ഇതുവരെ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഉത്സവ സീസണിൽ മാത്രം വിപണിയിൽ ഇടപെട്ടാൽ മതിയെന്ന പരമ്പരാഗതശൈലി ഇപ്പോഴും തുടരുന്നു.


വൈദ്യുതിമേഖലയിലും കെ.എസ്.ആർ.ടി.സിയിലും നടന്നുകൊണ്ടിരിക്കുന്ന ധൂർത്തും അഴിമതിയും അങ്ങാടിപ്പാട്ടാണ്. ഈ രണ്ട് ഈജിയൻ തൊഴുത്തും വൃത്തിയാക്കിക്കളയാമെന്ന് ഏതെങ്കിലും സത്യസന്ധതയുള്ള മേലധികാരി കരുതിയാൽ അയാളെ കെട്ടുകെട്ടിച്ച് മാത്രമേ പ്രബല തൊഴിലാളി സംഘടനകൾ വിശ്രമിക്കൂ. പരസ്പരം പൊരുതുന്ന ട്രേഡ് യൂനിയൻ നേതാക്കൾ ഈയൊരു ആവശ്യത്തിനായി ഒരമ്മപെറ്റ മക്കളെപ്പോലെ പരസ്പരം ഐക്യപ്പെടുന്നതും കേരളത്തിന്റെ മാത്രം സവിശേഷതയാണ്.
കേന്ദ്രസർക്കാരും വെറുതെയിരിക്കുന്നില്ല. അടുത്ത ജനുവരി മുതൽ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വില കൂട്ടുന്നതിന്റെ മിനുക്കുപണിയിലാണവർ. ഈ വസ്തുക്കൾക്ക് ജി.എസ്.ടി അഞ്ചിൽ നിന്ന് 12 ശതമാനം വരെ വർധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയരക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞു. സാധാരണക്കാർ ധരിക്കുന്ന ചെരിപ്പു കൾക്കും 1,000 രൂപയിൽ താഴെയുള്ള തുണിത്തരങ്ങൾക്കുമാണ് ജി.എസ്.ടി നികുതിയിലൂടെ വില കൂട്ടുന്നത്. ശതകോടീശ്വരന്മാർ ധരിക്കുന്ന ബ്രാന്റഡ് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയ്ക്കൊന്നും ജി.എസ്.ടി കൂട്ടാത്തതിനാൽ അവർക്ക് പരിഭ്രമിക്കേണ്ടിവരില്ല. ഭരണകൂട അഴിമതിയും സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയും ധൂർത്തുമാണ് വിലവർധനവിലൂടെയും ചാർജ് വർധനവിലൂടെയും സാധാരണ ജനതയെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago