മോദിക്കു പിന്നാലെ മുസ്‌ലിം വിരുദ്ധത വിളമ്പി നഡ്ഡയും യോഗിയും; വിദ്വേഷം പ്രചാരണായുധമാക്കി ബി.ജെ.പി നേതാക്കള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടര്‍ന്ന് മുസ്‌ലിം വിരുദ്ധ പ്രസംഗവുമായി ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് ഏറ്റവും ഒടുവിലായി വിദ്വേഷം പ്രസംഗിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് നല്‍കുകയാണെന്ന് ജെ.പി നഡ്ഡ പറഞ്ഞു. മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്ന് നഡ്ഡ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചു.
മുസ്‌ലിംകളെ പട്ടികജാതി വിഭാഗങ്ങളായി പ്രഖ്യാപിക്കാനും അവര്‍ക്ക് സംവരണം നല്‍കാനും നേരത്തേ തന്നെ കോണ്‍ഗ്രസ് വാദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പിന്നോക്ക വിഭാഗങ്ങളോടുള്ള വെറുപ്പ് അടിവരയിടുന്നതാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് മുസ്‌ലിംകളുടെ അവസ്ഥ ദലിതരെക്കാള്‍ താഴെയാണെന്ന് പറയുകയാണ് കോണ്‍ഗ്രസ്. ഇതുവഴി ദലിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നഡ്ഡ ആരോപിച്ചു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്‌ലിംകള്‍ക്കാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, ആദ്യ അവകാശികള്‍ ദരിദ്രരാണെന്ന് മോദി പറയുന്നു. കോണ്‍ഗ്രസ് മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും പ്രത്യേക മതവിഭാഗത്തോട് അവര്‍ക്ക് ചായ്‌വുണ്ടെന്നും നഡ്ഡ പറഞ്ഞു.
കര്‍ണാടകയിലെ ഒ.ബി.സി സംവരണത്തില്‍നിന്ന് മുസ് ലിംകള്‍ക്ക് കൂടി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം രാജ്യത്തെ ഇസ് ലാമികവല്‍ക്കരിക്കാനും വിഭജിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. സാധാരണക്കാരുടെ സ്വത്തുക്കള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുകയും അത് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. നേരത്തെ രാജസ്ഥാനില്‍ ബി.ജെ.പി റാലിയെ അഭിസംബോധനചെയ്യവെ മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതല്‍ പ്രസവിക്കുന്നവരെന്നും വിശേഷിപ്പിച്ച മോദി, കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലിരിക്കെയാണ് പാര്‍ട്ടിയുടെ താരപ്രചാരകര്‍ വീണ്ടും വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."