കുരുക്ക് മുറുകുന്നു: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എംഎം വർഗീസിനോട് ഇന്ന് ഹാജരാകാൻ ഇഡി
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കുരുക്ക് മുറുക്കി ഇഡി. സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനോട് ഇന്ന് വീണ്ടും ഹാജരാകാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിർദ്ദേശം. ഇന്ന് ഹാജരാകാൻ നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും മെയ്ദിനം ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ഇത് ഇഡി തള്ളി. കഴിഞ്ഞ ദിവസം വർഗീസിനെ എട്ടു മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും അന്വേഷണത്തോട് വർഗീസ് സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. സിപിഐഎം തൃശ്ശൂർ ജില്ല കമ്മിറ്റിയുടെയും ഉപഘടകങ്ങളുടെയും സാമ്പത്തിക വിവരങ്ങളും ഇടപാടുകളും ആണ് ഇഡി ചോദിച്ചറിഞ്ഞത്.
ഉപഘടകങ്ങളുടെ ഉൾപ്പെടെ പാർട്ടി കമ്മിറ്റികളുടെ അക്കൗണ്ടുകൾ വിശദ വിവരങ്ങൾ സഹിതം ഹാജരാക്കാനാണ് ഇഡിയുടെ നിർദ്ദേശം. സിപിഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീൻ എന്നിവരെയും കേസിന്റെ ഭാഗമായി ഈഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂരിലെ ബാങ്ക് ഇടപാടിൽ ബിനാമി വായ്പകൾ വഴി കൈക്കലാക്കിയ പണം പാർട്ടി അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."