ഫിസിക്‌സ് പഠിച്ച് മികച്ച കരിയര്‍ സ്വന്തമാക്കാം; അറിയേണ്ടതെല്ലാം
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
സയന്‍സ് മേഖലയിലെ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന വിഷയമാണ് ഫിസിക്സ്. ശാസ്ത്ര മേഖലയിലുള്ള താല്‍പര്യം, ഗണിതശാസ്ത്ര അഭിരുചി, അപഗ്രഥന യുക്തി, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് തുടങ്ങിയവയുള്ളവരെ മികച്ച കരിയറിലെത്താന്‍ പര്യാപ്തമാക്കുന്ന വിഷയമാണ് ഫിസിക്സ്. ഫിസിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം പരിഗണിക്കാവുന്ന ഉപരിപഠന അവസരങ്ങളെയും തൊഴിലവസരങ്ങളെയും പരിചയപ്പെടാം.
ഉപരിപഠന അവസരങ്ങള്‍
പി.ജി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പഠനങ്ങള്‍ക്ക് പ്രീമിയര്‍ സ്ഥാപനങ്ങളുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ അവസരങ്ങളുണ്ട്. ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്സ് (JAM) വഴി വിവിധ ഐ.ഐ.ടികളില്‍ എം.എസ്.സി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകള്‍ക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരുവില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമിനും പ്രവേശനം നേടാവുന്നതാണ്. ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (JEST) വഴി നിരവധി സ്ഥാപനങ്ങളില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രവേശനം ലഭ്യമാണ്. കൂടാതെ കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) പി.ജി വഴി വിവിധ സ്ഥാപനങ്ങളില്‍ എം.എസ്.സി പ്രോഗ്രാമുകള്‍ക്കും അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) എഴുതാനും സാധിക്കും. ഐ.ഇ.എല്‍.ടി.എസ്, ടോഫല്‍, ജി.ആര്‍.ഇ തുടങ്ങിയ പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടി, വിദേശ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിനും അവസരങ്ങളുണ്ട്.
ഉപരിപഠന മേഖലകള്‍
ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ബയോഫിസിക്സ്, ക്വാണ്ടം ഫിസിക്സ്, ജിയോഫിസിക്സ്, മാത്തമാറ്റിക്കല്‍ ഫിസിക്സ്, തിയററ്റിക്കല്‍ ഫിസിക്സ്, ന്യൂക്ലിയര്‍ ഫിസിക്സ്, നാനോ ഫിസിക്സ്, മോളിക്കുലര്‍ ഫിസിക്സ്, ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, മെറ്റീരിയോളജി, അറ്റ്മോസ്ഫറിക് ഫിസിക്സ്, ഓഷ്യനോഗ്രഫി, കംപ്യൂട്ടേഷനല്‍ സീസ്മോളജി, സീസ്മോളജിക്കല്‍ ഫിസിക്സ്, ബയോഇന്‍ഫര്‍മാറ്റിക്സ്, റേഡിയേഷന്‍ ഫിസിക്സ്, സ്പേസ് സയന്‍സ്, നാനോ എന്‍ജിനീയറിങ് തുടങ്ങി നിരവധി മേഖലകളില്‍ ഉപരിപഠന അവസരങ്ങളുണ്ട്.
പ്രധാന സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)കള്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)കള്‍, വിവിധ ഐസറുകള്‍, നൈസര്‍ ഭുവനേശ്വര്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് മുംബൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത തുടങ്ങിയ സ്ഥാപനങ്ങളില്‍ ഫിസിക്സ് മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളില്‍ ഉപരിപഠനത്തിന് അവസരമുണ്ട്. കൂടാതെ ഡല്‍ഹി യൂനിവേഴ്സിറ്റി, ജാമിയ മില്ലിയ്യ, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ഹൈദരാബാദ് യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി അടക്കമുള്ള നിരവധി സെന്‍ട്രല്‍ യൂനിവേഴ്സിറ്റികളിലും അവസരങ്ങളുണ്ട്.
കേരളത്തില്‍ മഹാത്മാഗാന്ധി, കാലിക്കറ്റ്, കേരള, കണ്ണൂര്‍ സര്‍വകലാശാല ക്യാംപസുകള്‍, ഇവയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകള്‍, കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലും വിവിധ ബിരുദാനന്തര പ്രോഗ്രാമുകള്‍ പഠിക്കാം. പി.ജി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ബെംഗളൂരു, ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് പൂനെ, ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് ബെംഗളൂരു, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബെംഗളൂരു, ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി അഹമ്മദാബാദ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വര്‍, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, നൈസര്‍ ഭുവനേശ്വര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ റിസര്‍ച്ച് പ്രോഗ്രാമുകള്‍ക്കും അവസരമുണ്ട്.
മറ്റു പ്രോഗ്രാമുകള്‍
കാര്‍ഡിയാക് മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, മെഡിക്കല്‍ റെക്കോര്‍ഡ്സ് സയന്‍സ്, ന്യൂറോ ടെക്നോളജി, സൗണ്ട് എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈന്‍, സൈറ്റോ ജനറ്റിക്സ്, മെഡിക്കല്‍ & റേഡിയേഷന്‍ ഫിസിക്സ്, റേഡിയോ ഐസോടോപ്പ് ടെക്നോളജി, വി.എല്‍.എസ്.ഐ ഡിസൈന്‍, ബ്രോഡ്കാസ്റ്റ് ടെക്നോളജി, ത്രീഡി പ്രിന്റിംഗ്, ഷുഗര്‍ ടെക്നോളജി തുടങ്ങി നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകള്‍ പരിഗണിക്കാവുന്നതാണ്. മാനേജ്മെന്റ് പഠനം. നിയമപഠനം, സോഷ്യല്‍ വര്‍ക്ക്, ജേര്‍ണലിസം, ലൈബ്രറി സയന്‍സ്, ഇംഗ്ലിഷ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോട്ടല്‍ മാനേജ്മെന്റ്,
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എം.സി.എ തുടങ്ങി ഫിസിക്സ് മേഖലയില്‍നിന്ന് വ്യത്യസ്തമായ പ്രോഗ്രാമുകളും താല്‍പര്യമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.
തൊഴിലവസരങ്ങള്‍
അധ്യാപന മേഖലയില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ യൂനിവേഴ്സിറ്റി തലം വരെ നിരവധി അവസരങ്ങളുണ്ട്. ബി.എസ് എസി ഫിസിക്സ് ബിരുദദാരികള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (ജൂനിയര്‍ എക്സിക്യൂട്ടീവ്), ഫോറന്‍സിക് ലാബ് അസിസ്റ്റന്റ്, ഫോറന്‍സിക് അസിസ്റ്റന്റ്, റെയില്‍വേ സിഗ്നല്‍ ടെക്നീഷ്യന്‍, ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കാം.
കൂടാതെ ഏത് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന സിവില്‍ സര്‍വിസ് ,കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ്, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ, കേരള പി.എസ്.സി പരീക്ഷ എന്നിവ വഴിയുള്ള വിവിധ തസ്തികകള്‍, ബാങ്കിങ്, റെയില്‍വെ, ഡിഫന്‍സ് സര്‍വിസ് തുടങ്ങി നിരവധി മേഖലകളിലും ജോലി സാധ്യതകളുണ്ട്.
ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഡി.ആര്‍.ഡി.ഒ, ഐ.എസ്.ആര്‍.ഒ, സി.എസ്.ഐ.ആര്‍ ലാബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകള്‍ ലഭ്യമാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ജിയോ ഫിസിസ്റ്റ് ,ഭാഭാ ആറ്റോമിക് സെന്ററില്‍ സയന്റിഫിക് ഓഫിസര്‍ തുടങ്ങിയവക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ പ്രതിരോധ ഗവേഷണ മേഖലകളിലും രാജ്യത്തെ നിരവധി റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടുകളിലും റിസര്‍ച്ച് അനലിസ്റ്റ്, റിസര്‍ച്ച് സയന്റിസ്റ്റ് തുടങ്ങിയ തസ്തികകളിലും ജോലിക്കായി ശ്രമിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."