പെരുമ്പാവൂർ ജിഷ വധക്കേസ്: വധശിക്ഷ ശരിവെക്കണമെന്ന പ്രോസിക്യൂഷൻ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്ന പ്രോസിക്യൂഷൻ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ അംഗീകാരം വേണ്ടത്. നേരത്തെ ശിക്ഷ ഒഴിവാക്കി വെറുതെ വിടണം എന്ന് പ്രതി അമീറുൽ ഇസ്ലാം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ജിഷാ വധക്കേസിൽ വിചാരണ കോടതിയാണ് മുൻപ് വിധി പുറപ്പെടുവിച്ചത്. മധ്യവേനൽ അവധിക്കുശേഷം നാളെയാണ് ഹൈക്കോടതിയുടെ ആദ്യ പ്രവർത്തി ദിവസം. ഇതിൽ ജിഷ കേസ് തന്നെ ആദ്യം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ജസ്റ്റീസ് പിജി അജിത് കുമാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 1500 ലേറെ പേജുള്ള കുറ്റപത്രമാണ് കേസിൽ ഭാഗമായി പൊലിസ് സമർപ്പിച്ചത്. വിചാരണ ഒന്നര വർഷത്തിലധികം നീണ്ടു. ഒടുവിൽ 2017 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറയുന്നത്. അമീറുൽ ഇസ്ലാം പ്രതിയാണെന്ന് കോടതി കണ്ടെത്തി.
പ്രതിക്ക് വധ ശിക്ഷയാണ് കോടതി വിധിച്ചത്. നടപ്പിലാകണമെങ്കിൽ ഇത് ഇനി ഹൈക്കോടതി അംഗീകരിക്കണം. ഇതിനാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2016 ഏപ്രിൽ 28 നാണ് എറണാകുളം പെരുമ്പാവൂർ സ്വദേശി ജിഷയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. പിന്നീട് ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലിസ് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."