തീര്‍ഥാടകര്‍ നാളെ മുതല്‍ ഹജ്ജ് ക്യാംപില്‍; ആദ്യ വിമാനം 21ന്
കൊണ്ടോട്ടി: നാഥന്റെ വിളികേട്ട് വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ നാളെ മുതല്‍ കരിപ്പൂരില്‍ എത്തിത്തുടങ്ങും. നാളെ മുതല്‍ ജൂണ്‍ 9 വരെയുള്ള 20 ദിനരാത്രങ്ങള്‍ ഇനി ഹജ്ജ് ക്യാംപും പരിസരവും പ്രാര്‍ഥനകളാല്‍ മുഖരിതമാകും. ക്യാംപിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കും.
ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ആവശ്യമായ ഒരുക്കങ്ങള്‍ ഹജ്ജ് ക്യാംപില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കുമാണ് സജ്ജമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് കേരളത്തില്‍ നിന്ന് ഈ വര്‍ഷം യാത്രയാവുന്നത്. തീര്‍ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10,604 പേര്‍ സ്ത്രീകളുമാണ്. രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും.
കരിപ്പൂര്‍ എംപാര്‍ക്കേഷന്‍ വഴി 10,430 പേരും കൊച്ചി 4273, കണ്ണൂര്‍ 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുള്ള 37 പേര്‍ ബംഗളൂരു, അഞ്ചുപേര്‍ ചെന്നൈ, മൂന്നുപേര്‍ മുംബൈ എംപാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുന്നത്. ആകെ തീര്‍ഥാടകരില്‍ 1250 പേര്‍ 70 വയസ് കഴിഞ്ഞ റിസര്‍വ്ഡ് കാറ്റഗറിയില്‍പ്പെട്ടവരും 3582 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തിലുള്ളവരാണ്.
കരിപ്പൂരില്‍ നിന്ന് 21ന് പുലര്‍ച്ചെ 12.05നാണ് ആദ്യ വിമാനം പറയുന്നുയരുക. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3011 നമ്പര്‍ വിമാനത്തില്‍ 166 പേര്‍ പുറപ്പെടും. അതേദിവസം രാവിലെ 8 നും വൈകീട്ട് 3നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യവിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12നും മൂന്നാംസംഘം ഉച്ചയ്ക്ക് രണ്ടിനും ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ പതിമൂന്നിലാണ് തീര്‍ഥാടകര്‍ ആദ്യം എത്തേണ്ടത്.
ഇവിടെ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസില്‍ തീര്‍ഥാടകരെ ക്യാംപിലേക്ക് എത്തിക്കും. വിമാനത്താവളത്തില്‍ തീര്‍ഥാടകരുടെ ലഗേജുകള്‍ കൈമാറുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി പ്രത്യേക വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവര്‍ക്ക് ഹജ്ജ് ഹൗസില്‍ വിശാലമായ പന്തല്‍ സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."