14കാരനെ മര്‍ദ്ദിച്ച ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസെടുത്ത് പൊലിസ്; നടപടി ദുര്‍ബല വകുപ്പ് ചുമത്തി വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ
കായംകുളം: കായംകുളത്ത് 14കാരനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസെടുത്ത് പൊലിസ്. ബി.ജെ.പി കൃഷ്ണപുരം കാപ്പില്‍ കിഴക്ക് വാര്‍ഡ് പ്രസിഡന്റായ ആലമ്പള്ളില്‍ മനോജാണ് വീണ്ടും അറസ്റ്റിലായത്. നേരത്തെ ദുര്‍ബല വകുപ്പ് ചുമത്തി പൊലിസ് വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.
കാപ്പില്‍ കിഴക്ക് തറയില്‍ വീട്ടില്‍ ഫാത്തിമയുടെ മക്കളായ ഷാഫി(14), ഷാഹുല്‍ (10) എന്നിവര്‍ക്ക് കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് മര്‍ദ്ദനേമറ്റത്. നെഞ്ചിനും കഴുത്തിനും സാരമായി പരിക്കേറ്റ ഷാഫി കായംകുളം ഗവ. ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലുമാണ് ചികിത്സ തേടിയത്. വീട്ടുകാര്‍ നല്‍കിയ പരാതി അവഗണിച്ച പൊലിസ് യഥാസമയം കേസ് എടുത്തിരുന്നില്ല. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ടതോടെ ബുധനാഴ്ച വൈകീട്ട് പ്രതിയെ വിളിച്ചു വരുത്തി. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പ് ചുമത്തി വിട്ടയച്ചു. ഗുരുതര പരിക്കേറ്റത് സംബന്ധിച്ച് ആശുപത്രിയില്‍പോലും പൊലിസ് അന്വേഷിച്ചില്ല.
പ്രതിയെ സഹായിക്കുന്ന സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി രാഷ്ട്രീയ സംഘനകള്‍ രംഗത്തിറങ്ങി. വിഷയം ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് വീണ്ടും കുട്ടികളുടെ മൊഴി എടുത്ത് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്താന്‍ പൊലിസ് തയാറായത്. വിട്ടയച്ച പ്രതിയെ ഗത്യന്തരമില്ലാതെ വ്യാഴാഴ്ച രാവിലെ തന്നെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."