വിദ്യാര്‍ഥികളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രം: പി.എം സാദിഖലി
കോഴിക്കോട്: എം.എസ്.എഫ് നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ വിദ്യാര്‍ഥികളെ മാരകമായി തല്ലിച്ചതച്ച പൊലിസ് നടപടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രതിഷേധിച്ചു. മാരകമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ച ശേഷം സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. ഇതു സംഭവ സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പാഠപുസ്തകം യഥാസമയം വിതരണം ചെയ്യുന്നതിനു പകരം ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തുന്ന വിദ്യാര്‍ഥികളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. പാഠപുസ്തകത്തിന്റെ പേരില്‍ മുന്‍പ് സമരാഭാസം നടത്തിയവര്‍ ഇപ്പോള്‍ ഉത്തരം മുട്ടിയ സ്ഥിതിയിലാണ്. പിണറായി ഭരണത്തില്‍ പൊലിസിനെ സി.പി.എമ്മിന്റെ പട്ടാളമാക്കി മാറ്റുകയാണ്.
ഇതു ജനാധിപത്യ കേരളത്തില്‍ വിലപ്പോവില്ല. സമരങ്ങളോട് ഈ രീതിയാണ് ഇടതു സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ കേരളം കാണാന്‍ പോകുന്നത് വലിയ ജനാധിപത്യ പ്രക്ഷോഭമാണെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കലും സംഭവത്തില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."