ജൈവ കര്‍ഷകര്‍ക്ക് ആശ്വാസമായി; ഹോര്‍ട്ടി കോര്‍പ്പ് വിതരണകേന്ദ്രം വണ്ടൂരില്‍
വണ്ടൂര്‍: വിപണി കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ സുരക്ഷിത പച്ചക്കറികര്‍ഷകര്‍ക്ക് ആശ്വാസമായി ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ തല സംഭരണ, വിതരണ കേന്ദ്രം വണ്ടൂരില്‍ ആരംഭിക്കാന്‍ കര്‍ഷക വികസന കാര്‍ഷിക ക്ഷേമവകുപ്പു തീരുമാനിച്ചു.
സംസ്ഥാനത്തു മിക്ക ജില്ലകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിതരണ കേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും മലപ്പുറത്ത് ഇതാദ്യമായാണു സ്ഥിരം കേന്ദ്രം സ്ഥാപിക്കുന്നത്. സുരക്ഷിത പച്ചക്കറി കൃഷിയില്‍ ഏറെ മുന്നേറിയ മേഖലയിലെ കര്‍ഷകര്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്താനാവാത്ത ദുരവസ്ഥ കഴിഞ്ഞ ദിവസം വണ്ടൂരിലെത്തിയ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. രഞ്ചന്‍ എസ് കരുപ്പായിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം വണ്ടൂരിലെത്തി വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയ സംഘം വിപണി ആരംഭിക്കുന്നതിനായി കെട്ടിടമടക്കമുള്ള സൗകര്യങ്ങളൊരുക്കി തന്നാല്‍ ഓണത്തിനു മുമ്പായി കേന്ദ്രം ആരംഭിക്കുമെന്ന് ഉറപ്പു നല്‍കി. കേന്ദ്രം യാഥാര്‍ഥ്യമാവുന്നതോടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്കു മെച്ചപെട്ട വില ലഭിക്കുന്നതോടൊപ്പം അധികമുള്ള ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുവാനും സാധിക്കും.
നിലവില്‍ കോഴിക്കോടു വെങ്ങേരിയിലുള്ള ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റിലെത്തിച്ചാണ് ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ വിറ്റഴിക്കുന്നത്.
ഏകീകൃത വില സംവിധാനത്തിനു കീഴിലാണു മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുകയെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഇതു ലാഭകരമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."