കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ധര്‍മടത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ; ഞെട്ടിത്തരിച്ച് സിപിഎം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തില്‍ എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ വലിയ മുന്നേറ്റം. കഴിഞ്ഞ തവണ സംസ്ഥാനത്ത് വെറും 14.88 ആയിരുന്നു ബിജെപിയുടെയും ബിഡിജെഎസിന്റെയും മുന്നണിയുടെ വോട്ട് വിഹിതമെങ്കില്‍ ഇത്തവണ അത് 19.39 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്.
ബിജെപിക്ക് തനിച്ച് 16.83 ശതമാനം വോട്ട് നേടാനും ഇത്തവണ സാധിക്കുകയും ചെയ്തു. ഏഴോളം മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടാനും ബി ജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞിട്ടുണ്ട്. ബിജെപി മുന്നേറ്റം നടത്തിയ നിയമസഭ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടവും ഉള്‍പ്പെടുന്നുണ്ട്.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ധര്‍മ്മടം, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂര്‍ തുടങ്ങിയ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം തന്നെ ബിജെപി വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലാണ് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 2019ല്‍ നേടിയതിനെക്കാള്‍ 8,173 വോട്ടുകളാണ് ബിജെപി ഈ പ്രാവശ്യം മണ്ഡലത്തില്‍ നേടിയത്. അന്ന് 8,538 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് ഇവിടെ ലഭിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ 8,047 വോട്ടുകള്‍ അധികമായി നേടി. 2019ല്‍ 8,659 വോട്ടുകളായിരുന്നു ബിജെപിക്ക് കിട്ടിയത്. മട്ടന്നൂരില്‍ 7,547, അഴിക്കോട്-8,104 എന്നിങ്ങനെയാണ് വോട്ട് വര്‍ധന. അതേസമയം യുഡിഎഫ് മണ്ഡലങ്ങളായ പേരാവൂരിലും ഇരിക്കൂറിലും ബിജെപിയുടെ വോട്ട് വര്‍ധനയ്ക്ക് താരതമ്യേന കുറവുമുണ്ട്.
അതുപോലെ ബിജെപി ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കിയ മണ്ഡലങ്ങളില്‍ ഒന്ന് ആലപ്പുഴയായിരുന്നു. ശോഭ സുരേന്ദ്രനൂടെ ആലപ്പുഴയില്‍ ബിജെപിയുടെ വോട്ടുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. 2019 ലെ 17.24 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം 28.3 ആയി ഉയര്‍ത്താന്‍ ശോഭയ്ക്ക് സാധിച്ചിട്ടുണ്ട്.
കെസി വേണുഗോപാലിന് പിന്നില്‍ രണ്ടാമതെത്തിയ ശോഭ 2.99 ലക്ഷം വോട്ടാണ് നേടിയിട്ടുള്ളത്. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കം ബിജെപി വോട്ടുനില ഉയര്‍ത്തി.
ഹരിപ്പാട് കെസി വേണുഗോപാല്‍ നേടിയത് 48,466 വോട്ട്. ശോഭാ സുരേന്ദ്രന് ലഭിച്ചത് 47,421 വോട്ടുകളും. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് 72,768 വോട്ടായിരുന്നു ലഭിച്ചത് .ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിന് നഷ്ടമായത് 24,302 വോട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."