ആരാണ് പോരാളി ഷാജി? ഒളിച്ചിരിക്കാതെ പുറത്തുവരണമെന്ന് എം.വി ജയരാജന്
കണ്ണൂര്‍: സൈബര്‍ ലോകത്ത് വിമര്‍ശനമുയര്‍ത്തുന്ന പോരാളി ഷാജി ഒളിച്ചിരിക്കാതെ പുറത്തുവരണമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന് താനാണെന്ന് തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും എം.വി ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യക്ഷത്തില്‍ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കണമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരം ഒരു നിര്‍ദ്ദേശം സിപിഐഎമ്മോ ഇടുതുപക്ഷമോ ഒരിടത്തും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശയപ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. അല്ലാതെ വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മറ്റി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയരാജന് പറഞ്ഞു.
ഇടതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായ പോരാളി ഷാജി, ചെങ്കതിര് ചെങ്കോട്ട എന്നിവയ്ക്കെതിരെ നേരത്തെ തന്നെ എം.വി ജയരാജന് രംഗത്തുവന്നിരുന്നു. എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു.
ഈ തര്‍ക്കം മുറുകുന്നതിനിടെയാണ് പോരാളി ഷാജി ആരാണെങ്കിലും പരസ്യമായി പുറത്തു വരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."