ജീവിതശൈലീരോഗ ബോധവത്കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ബോധവത്കരണത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി നടപ്പാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആപത്കരമായി വളര്‍ന്നുവരുന്ന രോഗങ്ങള്‍ നിയന്ത്രിക്കാന്‍ വലിയ ശ്രമംതന്നെ നടക്കേണ്ടതുണ്ട്. മരുന്നുകൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ രോഗങ്ങള്‍. വലിയതോതിലുള്ള ബോധവത്കരണവും ഉണ്ടാകണം. ജീവിതശൈലീരോഗങ്ങള്‍ പലതാണെങ്കിലും ജീവിതശൈലിയില്‍ വന്ന മാറ്റമാണ് മൂലകാരണമെന്ന് ഓരോ സ്ഥലങ്ങളിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
പുകവലി മുന്‍കാലത്തേക്കാള്‍ യുവാക്കളുടെയിടയില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ ആപത്കരമായ മറ്റു ശീലങ്ങള്‍ വളരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലഹരിമാഫിയയുടെ കരങ്ങള്‍ നമ്മുടെ കലാലയങ്ങളിലും സ്‌കൂളുകളിലുമെത്തുന്നു. നമ്മള്‍ അറിയാതെ കുഞ്ഞുങ്ങള്‍ ആപത്തില്‍പെടുകയാണ്. ഇതിനെതിരെ ഫലപ്രദമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാനാവും.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രത തകര്‍ക്കുന്ന മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണവും പഞ്ചായത്തുകള്‍ക്ക് കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി നടത്താനാവും. സംസ്ഥാനത്തിന്റെ പല പ്രത്യേകതകളിലും പ്രധാനപ്പെട്ടതാണ് വികസിതരാജ്യങ്ങള്‍ക്ക് സമാനമായ ആരോഗ്യസൂചികകള്‍. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും, ശിശുമരണനിരക്ക് താഴ്ത്താന്‍ കഴിഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തെ നിലനിര്‍ത്താന്‍ ഇടയാക്കി. എന്നാല്‍ അടുത്തകാലത്തായി നമ്മുടെ നാട്ടിലും പ്രതിസന്ധി രൂപപ്പെടുന്നതിന് കാരണമായി ജീവിതശൈലീരോഗങ്ങള്‍ മാറിയിട്ടുണ്ട്. ജീവിതശൈലി മാറണമെങ്കില്‍ അതിനനുസൃതമായി സമൂഹംകൂടി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."