കാണാനെത്തുന്നവര്‍ ആധാര്‍ കൊണ്ടുവരണം, പരാതി എഴുതി നല്‍കണം; നിബന്ധനകളുമായി കങ്കണ
മാണ്ഡി: തന്നെ കാണാനായി എത്തുന്ന പരാതിക്കാര്‍ ആധാര്‍ കാര്‍ഡുകള്‍ കൊണ്ടുവരണമെന്ന് നടിയും എം.പിയുമായ കങ്കണ റണാവത്ത്. എന്താണ് പരാതിയെന്ന് പേപ്പറില്‍ വിശദമായി എഴുതി നല്‍കണമെന്നും അവര്‍ പറഞ്ഞു.
'ഹിമാചല്‍ പ്രദേശ് ധാരാളം വിനോദസഞ്ചാരികള്‍ എത്തുന് സ്ഥലമാണ്. അതിനാല്‍ മാണ്ഡി പ്രദേശത്തുള്ളവര്‍ തന്നെ കാണാനെത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നെ കാണാന്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരാതിരിക്കാന്‍ നിങ്ങളുടെ ആവശ്യവും കത്തില്‍ എഴുതണം', കങ്കണ പറഞ്ഞു.
ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ മണാലിയിലെ വീട്ടിലേക്ക് വരാമെന്നും മണ്ഡിയിലുള്ളവര്‍ക്ക് നേരെ തന്റെ ഓഫീസിലേക്ക് വരാമെന്നും കങ്കണ വ്യക്തമാക്കി.
അതേസമയം, കങ്കണയുടെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമര്‍ശനവുമായി രംഗത്തെത്തി. ഒരു ജനപ്രതിനിധി തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ' നമ്മള്‍ ജനങ്ങളുടെ പ്രതിനിധികളാണ്. നാട്ടിലെ ജനങ്ങളെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തലത്തിലോ നിയമസഭാ മണ്ഡലത്തിലോ ഉള്ള വിഷയങ്ങളേക്കാള്‍ ദേശീയതലത്തിലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് എം.പി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമെന്ന് കങ്കണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ പരിധിയില്‍ വരുന്ന പ്രശ്‌നങ്ങളുമായി മാത്രം തന്നെ കാണാന്‍ വരണമെന്നും കങ്കണ ജനങ്ങളോട് പറഞ്ഞിരുന്നു. എം.പിയെന്ന നിലയില്‍ വിശാലമായ വിഷയങ്ങളാണ് താന്‍ കൈകാര്യം ചെയ്യുകയെന്നും കങ്കണ റണാവത്ത് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."