എല്ലാ ശനിയാഴ്ച്ചയും പാമ്പുകടിയേല്‍ക്കുന്ന യുവാവ്! ; 40 ദിവസത്തിനിടെ കടിയേറ്റത് ഏഴ് തവണ
ഫത്തേപൂര്‍: തുടര്‍ച്ചയായി എല്ലാ ശനിയാഴ്ച്ചയും പാമ്പുകടിയേല്‍ക്കുന്ന യുവാവ്. അതിശയം തോന്നുന്നുണ്ടോ? അതേ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഉണ്ട്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിയായ വികാസ് ദുബെ എന്ന 24 കാരനാണ് എല്ലാ ശനിയാഴ്ച്ചകളിലും പാമ്പുകടിയേല്‍ക്കുന്നത്. 40 ദിവസത്തിനിടെ 7 തവണയാണ് ഇയാള്‍ക്ക് കടിയേറ്റത്.
പാമ്പുകടിയേല്‍ക്കുന്നതിന് ചികിത്സാ ധനസഹായം ആവശ്യപ്പെട്ട് യുവാവ് അധികൃതരെ സമീപിച്ചിരുന്നു.
'പാമ്പ് കടിയേല്‍ക്കുന്നതിന്റെ ചികിത്സയ്ക്കായി താന്‍ ധാരാളം പണം ചെലവഴിച്ചുവെന്നും തനിക്ക് ധനസഹായം നല്‍ണമെന്നും ആവശ്യപ്പെട്ട് യുവാവ് കരഞ്ഞുകൊണ്ട് ഇവിടെയെത്തി. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാനും ഇവിടെ ആന്റി-സ്‌നേക് വെനം സൗജന്യമായി ലഭിക്കുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു- മെഡിക്കല്‍ ഓഫിസര്‍ രാജിവ് നയന്‍ ഗിരി പറഞ്ഞു.
എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കുന്നു എന്നു യുവാവ് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും യുവാവ് പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
''പാമ്പ് തന്നെയാണോ ഇയാളെ കടിച്ചതെന്നു പരിശോധനയില്‍ ഉറപ്പാക്കേണ്ടതുണ്ട്. യുവാവിനെ ചികിത്സിച്ച ഡോക്ടറോടും ഇതുസംബന്ധിച്ച വിവരങ്ങള്‍ തേടണം. എല്ലാ ശനിയാഴ്ചയും പാമ്പു കടിക്കുന്നതും, ഒരേ ആശുപത്രിയില്‍ ചികിത്സ തേടുന്നതും ദുരൂഹമാണ് ഒറ്റ ദിവസം കൊണ്ടാണ് അയാള്‍ക്ക് ഭേദമാകുന്നത്. ഇത് വളരെ വിചിത്രമാണ്'' രാജീവ് പറഞ്ഞു. മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണത്തിനുശേഷം യഥാര്‍ഥ കാരണം പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."