പണം വാങ്ങിയെങ്കില്‍ തെളിവ് കാണിക്കണം; ഒന്നും മറച്ചുവെക്കാനില്ല,അമ്മയ്‌ക്കൊപ്പം പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരവുമായി പ്രമോദ് കോട്ടൂളി
കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത കോഴ വാങ്ങിയെന്ന വിവാദത്തില്‍ സിപിഎം പുറത്താക്കിയതിന് പിന്നാലെ കുറ്റം നിഷേധിച്ച് പ്രമോദ് കോട്ടൂളി. താന്‍ ആരുടെയും പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോള്‍ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. കോഴിക്കോട് നഗരത്തില്‍ ഇന്നുവരെ ഒരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടവും നടത്തിയിട്ടില്ല. ഇല്ലാത്ത ആരോപണം ഉന്നയിച്ച പരാതിക്കാരന്റെ വീട്ടില്‍ അമ്മയ്ക്കും മകനുമൊപ്പം സമരമിരിക്കുമെന്നും പ്രമോദ് പറഞ്ഞു.
തന്നെ പുറത്താക്കിയ നടപടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഘടനാപരമായി നടപടി അവര്‍ അറിയിക്കേണ്ടതാണ്. താന്‍ കോഴവാങ്ങിയെന്നാണ് ആരോപിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കടുത്തജീവിത പ്രയാസങ്ങളിലൂടെയാണ് അമ്മ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. മകനായ ശേഷമാണ് താന്‍ സഖാവായത്. പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോള്‍ നിരവധി തവണ ജയില്‍വാസവും ലാത്തിച്ചാര്‍ജ് ഉള്‍പ്പടെ അനുഭവിച്ചപ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ അമ്മ അനുഭവിച്ചിട്ടുണ്ട്.
ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നല്‍കിയത്, എപ്പോഴാണ്? എന്നാണ്? ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍. ഇയാളുടെ വീടിന് മുന്നില്‍ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാന്‍ പോകുകയാണ്. ഇയാള്‍ തെളിവുസഹിതം കാര്യങ്ങള്‍ വ്യക്തമാക്കണം.ഇനി തനിക്ക് ഒന്നും ഒളിക്കാനില്ല. കുടുക്കാന്‍ ശ്രമിച്ചവരുടേത് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.
ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമുണ്ടായത്. പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്ത്തലോ സസ്‌പെന്‍ഷനോ മതിയാകുമെന്നും ഔദ്യോഗികവിഭാഗം പറഞ്ഞപ്പോള്‍ മറ്റൊരു വിഭാഗം എതിര്‍ക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ അതൃപ്തി ഇന്നുനടന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നടപടി പ്രമോദ് കോട്ടൂളിയില്‍ ഒതുങ്ങിയേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."