ഓണക്കാലത്ത് നേന്ത്രക്കായക്ക് പൊന്നുംവില
മുള്ളൂര്‍ക്കര: ഓണനാളുകളിലെ താരമാകുന്ന നേന്ത്രക്കായക്ക് പൊന്നിന്‍ വില. ലക്ഷണമൊത്ത ഒരു കുല ലഭിക്കാന്‍ 1500 രൂപയോ അതിലധികമോ മുടക്കണം. ഇപ്പോള്‍ ഒരു കിലോ ചെങ്ങാലിക്കോടന്‍ നേന്ത്രക്കായ ലഭിക്കണമെങ്കില്‍ 80 മുതല്‍ 85 രൂപ വരെ നല്‍കണം. കഴിഞ്ഞ വര്‍ഷം ഇത് 55 മുതല്‍ 60 രൂപ വരെയായിരുന്നു. നേന്ത്രക്കായ കിട്ടാനില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ തിരിച്ചടിയും വമ്പന്‍ സാമ്പത്തിക നഷ്ടവും മൂലം ഇത്തവണ പലരും കൃഷിയില്‍ നിന്നു പിന്‍വാങ്ങിയതും ഉള്ള കൃഷിയില്‍ ഭൂരിഭാഗവും നശിച്ചു പോയതും കായ വിപണിയില്‍ കടുത്ത ക്ഷാമത്തിനു വഴിവെച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ കേരളത്തിലേക്ക് നേന്ത്രക്കായയുടെ ഒഴുക്ക് കുറവായതിനാല്‍ കായ വില ഇനിയും കൂടാമെന്ന് വര്‍ഷങ്ങളായി കായ വ്യാപാരം നടത്തുന്ന വാഴക്കോട് വളവ് സ്വദേശി ഹമീദ് സുപ്രഭാതത്തോട് പറഞ്ഞു.
മൂപ്പെത്തിയ ഒരു കുല തോട്ടത്തില്‍ നിന്ന് 1000 രൂപയ്ക്കാണ് വില്‍പനക്കാര്‍ ശേഖരിക്കുന്നത്. വലിയതിനും ചെറിയതിനുമൊക്കെ ഈ വില നല്‍കണം. അതുകൊണ്ടുതന്നെ വിലയിലെ ഉയര്‍ച്ച കര്‍ഷകര്‍ക്കു മാത്രമാണ് ആഹ്ലാദം പകരുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു. കായവില ഇതേ നിലയിലാണെങ്കില്‍ ഓണ വിഭവങ്ങളായ ശര്‍ക്കര ഉപ്പേരി, നാല് വരട്ടി, കായ വറവ് എന്നിവക്കെല്ലാം തീ വിലയാകുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."