കാലാവസ്ഥ കൂടെ നിൽക്കുമോ? അർജുനായുള്ള തിരച്ചിലിൽ മഴ വില്ലനായേക്കും, ഷിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ട്
ബംഗളൂരു: മലയാളി ലോറി ഡ്രൈവർ അർജുനെ ഉത്തരകന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായിട്ട് 10 നാളുകൾ ആവുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നടന്ന തിരച്ചിലിന്റെ ഫലമായി ഒമ്പതാം നാൾ അർജുൻ എവിടെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ലോറി ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ അർജുൻ ഉണ്ടോ എന്ന് ഇന്ന് സ്ഥിരീകരിക്കും. എന്നാൽ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിന് കാലാവസ്ഥയും നിർണായകമാകും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരച്ചിൽ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് പ്രവചിക്കാൻ ആവില്ല. കാലാവസ്ഥ അനുകൂലമായ ഉച്ചയോടെ അർജുനിലേക്ക് എത്താനാവുമെന്നാണ് പ്രതീക്ഷ.
ഇന്ന് ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടാെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കനത്ത മഴയും ഗംഗാവലി നദിയിലെ കുത്തൊഴുക്കും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള മഴയാണ് ഷിരൂർ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്നത്.
റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചാകും ഇന്ന് പരിശോധന. ഗംഗാവലി പുഴയിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് കണ്ടെത്താൻ ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി മുങ്ങൽ വിദഗ്ദർ കാബിനിൽ എത്തി പരിശോധന നടത്തും. നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ആകും ഇതിന് നേതൃത്വം നൽകുക. ലോറി ഉയർത്താനായി പുഴയിൽ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കും. കരയിൽ നിന്ന് 30 മീറ്റർ മാറി നദിയുടെ അടിത്തട്ടിൽ 15 അടിതാഴ്ചയിൽ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ട്രക്ക് പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയത് അർജുന്റേതായ ഭാരത് ബെൻസ് ലോറിയാണെന്ന് ജില്ലാ പൊലിസ് മേധാവിയുൾപ്പെടെ സ്ഥിരീകരിച്ചിരുന്നു.
കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് പത്താം നാൾ തിരച്ചിൽ നടത്തുക. അത്യാധുനിക ഡ്രോണുകൾ ഇന്നത്തെ പരിശോധനക്കുണ്ടാകുമെന്നാണ് സൈന്യം അറിയിച്ചത്.
അതേസമയം, തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."