ഇതാ വയനാട്ടില്‍ തനിച്ചായിപ്പോയ പൈതങ്ങള്‍ക്കായി സ്വന്തം മുലപ്പാല്‍ കരുതിവെച്ച ആ ഉമ്മ
ദുരിതങ്ങളില്‍ ചേര്‍ത്തു പിടിക്കലിന്റേയും പ്രയാസങ്ങളില്‍ ചേര്‍ന്നു നില്‍ക്കലിന്റേയും കഥകള്‍ ഏറെ പറയാനുണ്ട് മലയാളികള്‍ക്ക്. എന്നാല്‍ നാമിതുവരെ കേട്ടതിനേക്കാലെല്ലാം മനോഹരമായ ഒരു കഥയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ നാം കേട്ടത്. സ്വന്തം കുഞ്ഞിന് പകര്‍ന്നു നല്‍കേണ്ട മുലപ്പാലില്‍ നിന്ന് ഉരുളില്‍ തനിച്ചായി പോയ പൈതങ്ങള്‍ക്കായി ഒരോഹരി മാറ്റി വെക്കാന്‍ തയ്യാറായ ഒരു ഉമ്മയുടെ കഥ. അവര്‍ക്കൊപ്പം നിന്ന ഒരു ഉപ്പയുടെ കഥ.
'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്' എന്ന ഒരു കുഞ്ഞു സന്ദേശം. ഒരു പൊതുപ്രവര്‍ത്തകന്‍ വാട്‌സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ച ഇക്കാര്യം സമൂഹ മാധ്യമങ്ങളും മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു. എന്തിനേറെ ആകാശങ്ങള്‍ കടന്ന് ജര്‍മനിയില്‍ പോലുമെത്തി ഈ അതുല്യ സന്നദ്ധതയുടെ കഥ.
ഈ സന്ദേശം അയച്ചയാളെയും മുലപ്പാല്‍ വാഗ്ദാനം ചെയ്ത മാതാവിനെയും ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി. സുഹൃത്ത് അസീസ് വെള്ളമുണ്ടയും ഷാനിബയുമാണ് മുലപ്പാല് പോലും ദുരന്തമുഖത്തെ മറ്റു കുഞ്ഞുങ്ങള്‍ക്കായി കരുതിവെച്ചവരെന്ന് മുഫീദ ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിയാണ് അസീസ്. വയനാട് ജില്ലയിലെ മുസ്‌ലിം ലീഗ് സൗഹൃദ ഗ്രൂപ്പിലാണ് അസീസ് ഈ മെസേജിട്ടിരുന്നത്.
'ഒരുപാട് ഉമ്മ. ഇവരാണ് അവര്‍, പ്രിയ സുഹൃത്ത് അസീസും പ്രിയതമ ഷാനിബയും. സ്വന്തം കുഞ്ഞിനുള്ള മുലപ്പാല് പോലും ദുരന്തമുഖത്തെ മറ്റു കുഞ്ഞുങ്ങള്‍ക്കായി കരുതിവെച്ചവര്‍. സമീപകാലത്തൊന്നും നമ്മള്‍ കാണാത്ത, കേള്‍ക്കാത്ത അമ്മ മനസ്സിന്റെ ചേര്‍ത്തുപിടിക്കല്‍ ആണ് ഇപ്പോള്‍ മറ്റു രാജ്യങ്ങളിലുള്ളവര്‍ വരെ കൗതുകത്തോടെ നോക്കുന്നത്. ആ മഹത്വത്തെയും കഴുകന്‍ കണ്ണുകളോടെ കാണുന്നവരോട് ഒന്നും പറയാനില്ല. സ്‌നേഹവും പ്രാര്‍ഥനയും നിങ്ങള്‍ക്കൊപ്പമുണ്ട് പ്രിയപ്പെട്ടവരേ. ആ കുഞ്ഞുവാവക്കും ഒരുപാട് ഉമ്മകള്‍' -മുഫീദ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."