കല്യാണമാണ്, കുറച്ച് പണം സമ്പാദിക്കാനാണ് കേരളത്തില്‍ വന്നത്, പക്ഷേ....; ദുരന്തഭൂമിയില്‍ ബിഹാര്‍ സ്വദേശി രഞ്ജിത്തിനെ തിരഞ്ഞ് ബന്ധുക്കള്‍
അവന്റെ കല്യാണം വരാനിരിക്കുകയായിരുന്നു. അതിനായി കുറച്ച് പണം സമ്പാദിക്കാനാണ് അവനിവിടേക്ക് വന്നത്.. പക്ഷേ.... ബിഹാറില്‍ നിന്ന് മുണ്ടക്കൈയില്‍ ജോലിക്കെത്തിയ രഞ്ജിത്തിനെ ദുരന്തഭൂമിയില്‍ തിരയുകയാണ് ബന്ധു രവി കുമാര്‍. മുണ്ടക്കൈയില്‍ ദുരന്തമുണ്ടായതിന് പിന്നാലെ അവനെക്കുറിച്ച് യാതൊരു വിവരവുമില്ല.
രഞ്ജിത്തടക്കം ആറ് ബിഹാര്‍ സ്വദേശികളാണ് കേരളത്തിലേക്ക് ജോലിക്കായി വന്നതെന്ന് ബന്ധു രവി കുമാര്‍ പറയുന്നു. അവരില്‍ രണ്ട് പേരെ ജീവനോടെ കണ്ടെത്തി. ഒരാളുടെ മൃതദേഹവും, എന്നാല്‍ രഞ്ജിത് ഉള്‍പ്പെടെ മൂന്നു പേരെക്കുറിച്ച് വിവരമൊന്നുമില്ല.
നവംബറില്‍ അവന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. അതിന് മുന്‍പ് കുറച്ച് പണം സമ്പാദിക്കാനാണ് ഇങ്ങോട്ടു പോന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.- രവികുമാര്‍ വിതുമ്പി.
തന്റെ കൂടെയാണ് രഞ്ജിത്തടക്കമുള്ളവര്‍ കേരളത്തിലെത്തിയത്. സംഭവം നടക്കുമ്പോള്‍ രവികുമാര്‍ സ്ഥലത്തില്ലായിരുന്നു. ഇനി നാട്ടിലേക്ക് പോയിട്ട് രഞ്ജിത്തിന്റെ മാതാപിതാക്കളോട് താനെന്ത് പറയുമെന്നാണ് രവികുമാര്‍ ചോദിക്കുന്നത്.
കേരള സര്‍ക്കാര്‍ തനിക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ രഞ്ജിത്ത് ജീവനോടെയുണ്ടോയെന്നതുള്‍പ്പടെ അവനെ കുറിച്ച് ഒരുവിവരവും ഇല്ലെന്നും അവനെ അവസാനമായി ഒരുനോക്ക് കാണാനെങ്കിലും കഴിയുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയിലടക്കം ഇടക്കിടെ പോയിനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."