കൈവിട്ടകന്നു; ചേതനയറ്റ് മടങ്ങിയെത്തി ജോജോയ്ക്ക് കൂട്ട് ഇനി നീതുവിന്റെ ഓര്‍മകള്‍ മാത്രം
കല്‍പ്പറ്റ: പ്രതീക്ഷയുടെ ഒരു കണികയെങ്കിലും ബാക്കിയുണ്ടായിരുന്നു; എവിടെയോ അവളുണ്ടാകുമെന്ന്. അഞ്ചുനാളിലെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെ നീതുവിന്റെ ചേതനയറ്റ ശരീരം ചാലിയാറില്‍ നിന്ന് കണ്ടെടുത്ത് തിരിച്ചറിഞ്ഞതോടെ ഉലഞ്ഞുപോയി ജോജോയുടെ മനസ്സും ശരീരവും.
അമ്മയെ കണ്ട് കൊതിതീരാത്ത അഞ്ചുവയസുകാരന്‍ പാപ്പിയെ ചേര്‍ത്തുപിടിച്ച് കരയാന്‍ പോലുമാകാതെ ജോജോ നിന്നു. മാതാപിതാക്കളെയും ഏകമകനെയും ഉരുളിനു വിട്ടുകൊടുക്കാതെ സുരക്ഷിതമാക്കിയെങ്കിലും പ്രിയതമ നീതുവിനെ മാത്രം മരണക്കയത്തില്‍ നിന്ന് ജോജോയ്ക്ക് ജീവിതത്തിലേക്ക് കയറ്റാനായില്ല. ചൂരല്‍മല ഹൈസ്‌കൂളിനു തൊട്ടടുത്താണ് ജോജോയുടെ വീട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരല്‍മലയില്‍ ആദ്യ ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തൊട്ടടുത്ത രണ്ടുമൂന്നു വീടുകള്‍ ഒലിച്ചുപോയെതോടെ ആ വീടുകളിലെ പത്തിലേറെപ്പേര്‍ അടച്ചുറപ്പുള്ള ജോജോയുടെ വീട്ടില്‍ അഭയം തേടി. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. കുത്തിയൊലിച്ചെത്തിയ പെരുവെള്ളത്തില്‍ ഹാളിലെ സോഫയും കട്ടിലുമൊക്കെ ഒലിച്ചുപോകാന്‍ തുടങ്ങിയതോടെ അച്ഛനെ സോഫയില്‍ ഇരുത്തി. വീണ്ടും ചെളിവെള്ളം ഇരച്ചെത്തിയതോടെ അമ്മ ഓമന അടിതെറ്റി വീണു. മുന്‍വാതിലിലൂടെ അമ്മ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ എങ്ങനെയെല്ലാമോ ജോജോ അവരെ അകത്തേക്കു വലിച്ചുകയറ്റി. ഈ സമയം മകന്‍ നിലയില്ലാ ചെളിവെള്ളത്തില്‍ താഴാന്‍ തുടങ്ങി. ഹാളിലെ വലിയ കര്‍ട്ടന്‍ വലിച്ചുകീറി നെഞ്ചില്‍ കെട്ടി അവനെ സുരക്ഷിതനാക്കി അതിനകത്തിരുത്തി. അച്ഛനെയും അമ്മയെയും ഇരുകൈകളിലും താങ്ങി എങ്ങനെയല്ലാമോ പുറത്തുകടന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലെത്തിച്ചു. പ്രിയതമയുടെ ജീവന്‍ രക്ഷിക്കാന്‍ തിരിച്ച് വീട്ടിലേക്കു കുതിച്ചെങ്കിലും അവളെയെും അയല്‍വീട്ടുകാരെയും കൊണ്ട് മലവെള്ളം ഒഴുകിപ്പോയിരുന്നു.
പിറ്റേന്നേ മൂന്ന് അയല്‍വാസികളുടെ മൃതദേഹം വീടിനുതാഴെ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കഴിഞ്ഞ അഞ്ചുദിവസമായി നീതുവിനായുള്ള തിരച്ചിലിലായിരുന്നു ജോജോയുടെ ബന്ധുക്കളും സുഹൃത്തുക്കളും. വലംകൈയിലെ വലിയ വളയും വിവാഹമോതിരവുമായിരുന്നു അടയാളം. ഇന്നലെ ഉച്ചയോടെ മേപ്പാടിയിലെ താല്‍ക്കാലിക മോര്‍ച്ചറിയില്‍നിന്ന് ബന്ധുവായ സ്ത്രീയാണ് വലംകൈയിലെ വലിയ വളയും വിവാഹമോതിരവും തിരിച്ചറിഞ്ഞ് നീതുവാണെന്ന് ഉറപ്പിച്ചത്. മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരിയാണ് നീതു. ചൂരല്‍മല സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ സെമിത്തേരിയില്‍ ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നീതുവിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."