ആലപ്പുഴയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; യുവതിയുടെ കാമുകനടക്കം രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്.സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്.
ഓഗസ്റ്റ് ഏഴാം തീയതി വീട്ടില്‍ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടര്‍ന്ന് യുവതി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കുഴിച്ചുമൂടിയ സ്ഥലം വ്യക്തമായതായി പൊലിസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. യുവതിയുടെ മൊഴിയും പൊലിസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."