നീതിനിഷേധത്തിന്റെ സിനിമാകാഴ്ചകള്‍
നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ല്‍ സുപ്രഭാതം പ്രസിദ്ധീകരിച്ച അന്വേഷണാത്മക പരമ്പര ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സിനിമാമേഖലയിലെ വനിതകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വരച്ചു കാട്ടുന്ന സുനി അല്‍ ഹാദിയുടെ 'മുഖം മൂടിയിട്ട അഭിനയം' എന്ന പരമ്പര 2017 ജൂണ്‍ 10 മുതല്‍ 14 വരെയാണ് -സുപ്രഭാതം പ്രസിദ്ധീകരിച്ചത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സുരക്ഷ, ചൂഷണം ,തൊഴില്‍ രംഗത്തെ വിവേചനം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത പരമ്പരയ്ക്ക് വന്‍ സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. സിനിമാരംഗത്തെ പുഴുകുത്തുകളെ തുറന്നുകാട്ടിയ പരമ്പര കൂടിയായിരുന്നു സുപ്രഭാതം പ്രസിദ്ധീകരിച്ചത്. അഞ്ച് ഭാഗങ്ങളായാണ് പരമ്പര പ്രസിദ്ധീകരിച്ചത്. പരമ്പരയുടെ മൂന്നാം ഭാഗം
കൂട്ടായ്മകള്‍ രൂപീകരിക്കുന്നത് അംഗങ്ങള്‍ക്കു താങ്ങും തണലുമാകാനാണ്. അനീതിക്കെതിരേ പോരാടാനാണ്. എന്നാല്‍, മലയാളസിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മ എന്തിനുവേണ്ടിയുള്ളതാണെന്ന് ഇക്കഴിഞ്ഞ ജനറല്‍ ബോഡിക്കു ശേഷം അവര്‍ നടത്തിയ വാര്‍ത്താസമ്മേളനം ലൈവ് ആയി ടി.വി ചാനലുകളിലൂടെ കണ്ടപ്പോള്‍ മാത്രമാണു പൊതുജനത്തിനു മനസ്സിലായത്.
നടിയെ ആക്രമിച്ച കേസില്‍ എന്തു നിലപാടു കൈക്കൊള്ളുമെന്നറിയാന്‍ കാത്തിരുന്നവരെ കൂട്ടായ്മ നയിക്കുന്നവര്‍ നിരാശപ്പെടുത്തിയില്ല. 'കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണല്ലോ, അതുകൊണ്ട് ഒന്നും പറയുന്നില്ല. അമിതമായി ഇടപെടുന്നുമില്ല' എന്നായിരുന്നു വിശദീകരണം. അതേസമയം, ആരോപണവിധേയനായ ട്രഷററെ 'വേട്ടക്കാര്‍'ക്കു മുന്നില്‍ ഇട്ടുകൊടുക്കാതെ കാക്കാന്‍ ഭാരവാഹികള്‍ കൊണ്ടുപിടിച്ചുശ്രമിക്കുകയും ചെയ്തു.
ഈ സമീപനത്തിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ നമ്മള്‍ രണ്ടു പതിറ്റാണ്ടു പിന്നിലേയ്ക്കു സഞ്ചരിക്കേണ്ടി വരും. ഒരു പ്രമുഖ നടനു സംവിധായകനില്‍ നിന്നേറ്റ അപമാനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലെ സിനിമാതാരങ്ങള്‍ക്കു കൂട്ടായ്മ വേണമെന്ന ചര്‍ച്ച ഉരുത്തിരിഞ്ഞത്. ഇതിനുള്ള വിപുലമായ യോഗം ചേര്‍ന്നതു 1994 മെയ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കു തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍.
യോഗത്തിലെ ചര്‍ച്ചകളായിരുന്നു രസകരം. സംഘടനയ്ക്കു പേരായി 'നാട്യസംഘം', 'അഭിനയ' തുടങ്ങിയവയില്‍ ഏതു വേണമെന്നതായിരുന്നു കൂലങ്കഷമായ ചര്‍ച്ച. പിന്നെ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തതു പ്രവേശനഫീസായി അയ്യായിരം രൂപ വേണോ പതിനയ്യായിരം വേണോ എന്നതായിരുന്നു. ഇതും തീരുമാനിച്ച് ഒരു അഡ്‌ഹോക് കമ്മിറ്റിയുമുണ്ടാക്കി പ്രമുഖര്‍ മടങ്ങി.
തങ്ങള്‍പ്രവര്‍ത്തിക്കുന്ന മേഖലയിലെ അച്ചടക്കമോ തൊഴില്‍ സുരക്ഷിതത്വമോ ഒന്നും അന്നുമിന്നും സംഘടനയ്ക്കു മുന്നില്‍ അതീവപ്രാധാന്യമുള്ള പരിഗണനാവിഷയങ്ങളായിട്ടില്ല. സിനിമപിടിച്ചും താരനിശ നടത്തിയും ഫണ്ട് ഉണ്ടാക്കലിലും കൈനീട്ടം നല്‍കലിലും ഒതുങ്ങി രണ്ടരപതിറ്റാണ്ടു നീണ്ട പ്രവര്‍ത്തന ചരിത്രം.
രൂപീകരണത്തിന്റെ ആലോചനാഘട്ടത്തില്‍ ഒപ്പമിരുന്ന പ്രമുഖ നടന്‍ 'ആജീവനാന്ത'പ്രസിഡന്റിനു കത്തെഴുതി; 'എന്തിനാണ് ഇങ്ങനെയൊരു സംഘടന നിലനിര്‍ത്തുന്നത്. പിരിച്ചുവിട്ടുകൂടെ.' എന്നു ചോദിക്കുന്നതില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. പ്രസിഡന്റാകട്ടെ 'ചില മോശം നടികള്‍ കിടക്ക പങ്കിടുന്നുണ്ടാകാം. ബാക്കിയെല്ലാം ക്ലീന്‍ ക്ലീനാണ് ' എന്ന മറുപടിയിലും ഒതുക്കി തന്റെ ഉത്തരവാദിത്വം.
ഇത്തരം മോശം നടികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന നടന്മാര്‍ മോശക്കാരാണോയെന്നു വ്യക്തമാക്കിയുമില്ല. ഏതായാലും സിനിമയിലെ അവസ്ഥ സംബന്ധിച്ചു പ്രസിഡന്റ് പറയുന്നതു യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഈ രംഗത്തു പുതുതായി രൂപപ്പെട്ട സ്ത്രീകൂട്ടായ്മ തുറന്നടിക്കുകകൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നു പൊതുജനത്തിനു വ്യക്തമായി.
ഏറ്റവുമൊടുവില്‍ നടിക്കു നേരേയുണ്ടായ ആക്രമണസംഭവത്തിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കുന്നതില്‍ തങ്ങള്‍ ഒട്ടും മോശമല്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു നടീനടന്മാര്‍. സംഭവമുണ്ടായി ഒരാഴ്ചക്കകം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന 'മെഴുകുതിരി പ്രതിജ്ഞയില്‍ തേങ്ങിയും മൂക്കുചീറ്റിയും ദുഃഖം അഭിനയിച്ചവരൊക്കെ സംഭവത്തിനുശേഷമുള്ള ആദ്യ ജനറല്‍ബോഡി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍പോലും വനിതാ അംഗങ്ങള്‍ക്ക് അവസരം നല്‍കിയില്ല.
നടിയുടെ വിഷയമുന്നയിക്കാന്‍ ശ്രമിച്ച മറ്റൊരു നടിയോടു ഞങ്ങളെല്ലാവരും ആ നടിക്ക് ഒപ്പമുണ്ടെന്നും ഇനി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും പറഞ്ഞ ഭാരവാഹികള്‍ പക്ഷേ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതു നടിയുടെ കാര്യം ആരും ഉന്നയിച്ചില്ല; അതുകൊണ്ടു ചര്‍ച്ച ചെയ്തുമില്ല എന്നായിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചപ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ള പ്രമുഖര്‍ ആരോപണവിധേയനായ നടനെ അടിമുടി സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.
ബാക്കിയുള്ള നടന്മാര്‍ കൈയടിച്ചും കൂക്കിവിളിച്ചും ഇതു പ്രോത്സാഹിപ്പിച്ചപ്പോള്‍ നടനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഓടിനടന്നു പിന്തുണകൊടുത്ത നടിയും വേദിയിലുണ്ടായിരുന്നു. സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാനുള്ള വെപ്രാളമാണു ദൃശ്യമായത്. ജനപ്രതിനിധികളായ നടന്മാര്‍ക്കു പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള ബാധ്യതപോലും ഈ വെപ്രാളത്തിനിടയില്‍ പരിഗണിക്കപ്പെടാതെപോയി.പുറത്തിറങ്ങി ജനരോഷം തിരിച്ചറിഞ്ഞപ്പോള്‍ വിശദീകരണവും മാപ്പപേക്ഷയുമായൊക്കെ ചിലര്‍ രംഗത്തുവന്നുവെന്നതു മറ്റൊരു കാര്യം.
സ്ത്രീസംവരണത്തിനും സംരക്ഷണത്തിനും വാദം ഉയര്‍ത്തുന്ന താരങ്ങളുടെ സംഘടനയിലും അനുബന്ധ മേഖലകളിലും സ്ത്രീകള്‍ക്കെത്ര പ്രാതിനിധ്യമുണ്ടെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും കാപട്യത്തിന്റെ ആഴം. അവഗണനയില്‍ പൊറുതിമുട്ടിയാണു സിനിമയിലെ ഒരു പറ്റം സ്ത്രീകള്‍ ചേര്‍ന്നു വിമണ്‍ ഇന്‍ സിനിമ കലക്ട്ീവ് എന്ന സംഘടനയ്ക്കു രൂപം നല്‍കിയത്. സിനിമയ്ക്കുള്ളില്‍ മാത്രമല്ല പൊതുസമൂഹത്തോടും പ്രതിലോമപരമായാണു കാലങ്ങളായി സിനിമാക്കാര്‍ സമീപനം കൈക്കൊള്ളുന്നത്. സിനിമകളില്‍ എന്നും പരിഹാസ്യകഥാപാത്രമാകുന്നതു ന്യൂനപക്ഷങ്ങളും ദലിതുകളും മാത്രമാണ്. സിനിമയില്‍ ഉദാത്തമെന്ന് ഉയര്‍ത്തിക്കാട്ടുന്ന പല മൂല്യങ്ങളും സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ സിനിമക്കാര്‍ ശ്രദ്ധിക്കാറുമില്ല.
പൊട്ടിത്തകര്‍ന്ന കുടുംബബന്ധങ്ങളുടെ ആ കഥകള്‍ നാളെ.
(തുടരും)
The gaps in Malayalam cinema's response to injustice and the ineffectiveness of industry unions in addressing issues faced by actors. Discover the truth behind the industry's claims of unity and support.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."