'കാസ്റ്റിങ് കൗച്ച്, ആരേയും നിരോധിക്കാന്‍ ശക്തിയുള്ള പവര്‍ ഗ്രൂപ്പ്, പുരുഷാധിപത്യം...സിനിമയുടെ ആകാശം നിഗൂഢം' ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് ഒടുവില്‍ പുറത്ത്. മേഖലയിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മലയാളത്തിലെ ഉന്നത നടന്മാര്‍ക്കെതിരെ ഉള്‍പെടെയുള്ള മൊഴികള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. നക്ഷത്രങ്ങളെ വിശ്വസിക്കരുത്. താരങ്ങള്‍ ചന്ദ്രനെ പോലെ സുന്ദരമല്ല. സിനിമ അദ്ഭുതങ്ങളുടെ ആകാശമെന്ന് ആദ്യവരി.
മലയാള സിനിമാ രംഗംവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെടുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകള്‍. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മാതാക്കളുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോര്‍ട്ട്.
ആരേയും നിരോധിക്കാന്‍ ശക്തിയുള്ള പവര്‍ ഗ്രൂപ്പ് സിനിമയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലിംഗനം ചെയ്യുന്നത് 17 തവണ ചിത്രീകരിച്ചു. ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ മൊഴികളും. നടിമാര്‍ നിശബ്ദം സഹിക്കുന്നു. മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം. നടിമാര്‍ക്ക് തുറന്നു പറയാന്‍ ഭയം. സിനിമയില്‍ ആണ്‍മേല്‍ക്കോയ്മ. സ്ത്രീകളുടേത് മാത്രമല്ല. പുരുഷന്‍മാരുടെ തേങ്ങല്‍ കേട്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. നടിമാരുടെ മുറിയുടെ വാതില്‍ മുട്ടുന്നത് പതിവ്. മദ്യപിച്ച് വാതിലില്‍ മുട്ടും. തുറന്നില്ലെങ്കില്‍ ബലം പ്രയോഗിക്കും- റിപ്പോര്‍ട്ട് പറയുന്നു. പൊലിസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണെന്നാണ് പലരും പറയുന്നത്. സംവിധായകര്‍ക്കെതിരേയും ഗുരുതര ആരോപണങ്ങളുണ്ട്.
സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും 'അമ്മ'യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ല. പലരുടേയും മൊഴി ഞെട്ടിച്ചു. അനുഭവം പറഞ്ഞത് ആശങ്കയോടെ- റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലര്‍ കമ്മിഷനോട് പരാതിപ്പെട്ടു.
2019 ഡിസംബറില്‍ ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുന്‍പ് തള്ളിയിരുന്നു. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. വിവരാവകാശ കമ്മിഷന്റ നിര്‍ദേശം അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി.
കമ്മിറ്റിയുടെ ശുപാര്‍ശകളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു. ചലച്ചിത്ര രംഗത്തുള്ളവര്‍ ആ മേഖലയില്‍ മറ്റാരെയും വിലക്കാന്‍ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
The Hema Commission's report, detailing sexual harassment and exploitation in the Malayalam film industry, has been released after years of legal hurdles. The report reveals shocking incidents involving prominent actors and directors, with recommendations for stronger laws and protections for women in the industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."