'പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകള്‍ സി.ബി.ഐ അന്വേഷിക്കണം' വി.ഡി സതീശന്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്‍പ്പെടെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഇന്നു തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അന്‍വറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശന്‍ തുറന്നടിച്ചു.
'മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തൃശൂര്‍ പൂരം കലക്കിയത്. തൃശൂര്‍ പൂരം കലക്കാന്‍ കമ്മീഷണര്‍ രാവിലെ 11 മുതല്‍ കുഴപ്പമുണ്ടാക്കുകയാണ്. മുഖ്യമന്ത്രി അനങ്ങിയില്ല. ഡി.ജി.പി അനങ്ങിയില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അനങ്ങിയില്ല. ആരുമനങ്ങിയില്ല. അങ്ങനെ പൂരം കലക്കി ബി.ജെ.പിയുടെ കൈയിലേക്ക് കൊടുത്തു. ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇത് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. ഇന്നിപ്പോള്‍ സി.പി.എം എം.എല്‍.എ അതേ ആരോപണം ഉന്നയിക്കുകയാണ്. ഇതൊക്കെ പ്രതിപക്ഷം പറഞ്ഞതാണ്. നിയമസഭയിലും പുറത്തുംപറഞ്ഞതാണ്. മുഖ്യമന്ത്രി നിഷേധിക്കട്ടെ' സതീശന്‍ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം അധഃപതിച്ചൊരു കാലമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വര്‍ണക്കള്ളക്കടത്ത് ആരോപണം, ഇപ്പോള്‍ വീണ്ടും സ്വര്‍ണക്കടത്ത്, കൊലപാതകം, തൃശൂര്‍പൂരം കലക്കല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വന്നിരിക്കുകയാണ്. അതായത് മുഖ്യമന്ത്രിക്കു നേരെ. പണ്ടേ പോവേണ്ടതായിരുന്നു മുഖ്യമന്ത്രിസ്ഥാനം. അന്ന് ബി.ജെ.പിയുടെയും കേന്ദ്ര ഏജന്‍സികളുടേയും സഹായത്താല്‍ രക്ഷപെട്ടതാണ്. ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല'.
'പത്തനംതിട്ട എസ്.പിയും സി.പി.എം എം.എല്‍.എയും തമ്മിലുള്ള സംഭാഷണം ഞെട്ടിക്കുന്നതാണ്. അടിയന്തരമായി ഇന്നു തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പുറത്താക്കണം. മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു സി.പി.എം എം.എല്‍.എ ഇതൊക്കെ വന്ന് പറയുമ്പോള്‍ കേരളം ഞെട്ടുകയാണ്'.
മന്ത്രിമാരുടെ ഫോണടക്കം ചോര്‍ത്തുന്നു എന്ന ആരോപണം ഗുരുതരമാണെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി. 'മന്ത്രിമാരുടെ ചോര്‍ത്തുമ്പോള്‍ ഞങ്ങളുടെയും ചോര്‍ത്തുന്നുണ്ടാവുമല്ലോ. രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നേരത്തേ വന്നതാണ്. മന്ത്രിമാരുടെയടക്കം ഫോണ്‍ ചോര്‍ത്തുന്നത് ഈ എ.ഡി.ജി.പിയാണെന്നത് ഗുരുതരമായ ആരോപണമാണ്. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷിക്കണം' അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കെതിരെ അന്ന് പി.വി അന്‍വര്‍ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആളാണ്. തനിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിച്ച് ഒരു കഴമ്പുമില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങളെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
D Satheesan, Leader of the Opposition, demands Chief Minister’s resignation and a CBI investigation into serious allegations following PV Anwar MLA’s revelations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."