ജെനിനില്‍ നടക്കുന്നത് 2002ലേതിനേക്കാള്‍ ഭീകരമായ ആക്രമണം; തിരിച്ചടിച്ച് പോരാളികള്‍
ഗസ്സയെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ ഇസ്‌റാഈല്‍ ഭീകര സേന ഇപ്പോള്‍ വെസ്റ്റ് ബാങ്കിലാണ് തേരോട്ടം നടത്തുന്നത്. നിരവധിയാളുകള്‍ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു കഴിഞ്ഞു. 2002ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ജെനിനില്‍ 50,000ത്തോളം പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 14,000 പേര്‍ അഭയാര്‍ഥികളാണ്. മുമ്പും ജെനിന് നേരെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഗസ്സ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഫലസ്തീന്‍ പോരാളികളുടെ സങ്കേതമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്‌റാഈല്‍ ജെനിനെ നിരന്തരം ആക്രമിക്കുന്നത്. എന്നാല്‍, ഈ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും അഭയാര്‍ഥികളടക്കമുള്ള സാധാരണക്കാര്‍ക്കാണ്.
ഫതഹിന്റെ സായുധ വിഭാഗമടക്കമുള്ള നിരവധി പോരാളി സംഘടനകള്‍ ഇവിടെയുണ്ട്. ജെനിന്‍ ബ്രിഗേഡ്‌സ് എന്ന് വിശേഷിപ്പിക്കുന്ന ഒരു കുടക്കീഴിലാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാം ഇന്‍തിഫാദയുടെ കാലത്ത് 2002ല്‍ വലിയ ആക്രമണമാണ് ജെനിനിലുണ്ടായത്. മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 52 ഫലസ്തീനികളും 23 ഇസ്‌റാഈലി സൈനികരും കൊല്ലപ്പെടുകയുണ്ടായി.
അതേസമയം, ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ വലിയ തിരിച്ചടിയാണ് ഫലസ്തീനിലെ പോരാളി സംഘടനകള്‍ നല്‍കുന്നത്. ഇസ്‌റാഈലി സൈനികരെ നേരിട്ട് ആക്രമിച്ചതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് വ്യക്തമാക്കി. സൈനിക വാഹനങ്ങള്‍ ആക്രമിക്കുകയും സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇവര്‍ അറിയിച്ചു.
അല്‍ ഖുദുസ് ബ്രിഗേഡും അല്‍ ഖസ്സാം ബ്രിഗേഡും ഒരുമിച്ച് അല്‍ ദമാജ് മേഖലയില്‍ ഇസ്‌റാഈലി സൈന്യത്തെ നേരിട്ടു. ആക്രമത്തിനിടെ രണ്ടുപേര്‍ രക്തസാക്ഷികളായി. ഇത് കൂടാതെ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് ഇസ്‌റാഈലി സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. വിവിധ ആക്രമണങ്ങളില്‍ ഇസ്‌റാഈലി സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."