യു.എ.ഇയിൽ എയർ ടാക്സികൾ അടുത്ത വർഷം മുതൽ; 20 മിനുട്ട് കൊണ്ട് ദുബൈയിൽ നിന്ന് അബൂദബിയിലെത്തും
ദുബൈ: യു.എ.ഇയുടെ ആകാശത്ത് അടുത്ത വർഷം മുതൽ എയർ ടാക്സികൾ പറന്ന് തുടങ്ങും. ഇതിന് മുന്നോടിയായി ഈ വർഷം ഇതു വരെ 400 പരീക്ഷണ പറക്കലുകൾ നടത്തിയതായി അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. ആർച്ചർ ഏവിയേഷനാണ് യു.എ.ഇയിൽ എയർ ടാക്സി പ്രവർത്തനങ്ങൾ നോർവഹിക്കുന്നത്. ടാക്സികൾ പറന്നു തുടങ്ങുന്നതോടെ രാജ്യത്തെ ഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉണ്ടാകും.
ദുബൈയിൽ നിന്ന് അബൂദബിയിലെത്താൻ പരമാവധി 20 മിനിറ്റ് മതിയാകും. ഒന്ന് മുതൽ ഒന്നര മണിക്കൂർ സമയം വരെ ലാഭിക്കാൻ കഴിയും. ദുബൈ-അബുദാബി യാത്രക്ക് 800 ദിർഹം മുതൽ 1,500 ദിർഹം വരെയാണ് ചെലവ്. ദുബൈ എമിറേറ്റിനകത്താണ് പറക്കേണ്ടതെങ്കിൽ ഏതാണ്ട് 350 ദിർഹം നൽകിയാൽ മതിയാകും. 'മിഡ്‌നെറ്റ്' എയർ ക്രാഫ്റ്റിന് പൈലറ്റിനെ കൂടാതെ നാല് യാത്രികരെ വഹിക്കാൻ ശേഷിയുണ്ട്.
വെർട്ടി പോർട്ടുകൾ നിർമിക്കാനും 'മിഡ്‌നെറ്റ് 'എയർ ക്രാഫ്റ്റുകൾ അബൂദബിയിൽ ഉത്പാദിപ്പിക്കുന്നതിനും ഈ വർഷാരംഭത്തിൽ ആർച്ചർ ഏവിയേഷൻ യു.എ.ഇയിലെ കമ്പനികളുമായി കരാറുകളിൽ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ ആർച്ചർ ഏവിയേഷൻ ആദ്യ എയർക്രാഫ്റ്റ് സാങ്കേതിക, സുരക്ഷാ, ഗുണനിലവാര പരിശോധനക്കായി അമേരിക്കൻ എയർ ഫോഴ്‌സിന് നൽകിയിട്ടുണ്ട്.
ഈ വർഷം 8 മാസം കൊണ്ട് 400 പരീക്ഷണ പറക്കലുകൾ നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അത് മറികടന്ന് 402 പറക്കലുകൾ നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ആർച്ചർ ഏവിയേഷൻ സ്ഥാപക സി.ഇ.ഒ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."