വൈദ്യുതി നിരക്ക് വർധന കണക്കുകൾ പരിശോധിച്ച ശേഷമെന്ന് ചെയർമാൻ; തെളിവെടുപ്പിനിടെ ജനപ്രതിഷേധം ശക്തം
കൊച്ചി: കെ.എസ്.ഇ.ബി സമർപ്പിച്ച കണക്കുകൾ കൃത്യമായി പരിശോധിച്ചതിനുശേഷമേ വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂ എന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ ജോസ്. 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച ശുപാർശകളിന്മേൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിരക്ക് വർധിപ്പിക്കുന്നതിന് മുന്നോടിയായി കെ.എസ്.ഇ.ബി കമ്മിഷന് നൽകിയിരിക്കുന്ന കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പരാതി ഉയർത്തിയതോടെയാണ് കമ്മിഷൻ ചെയർമാൻ ഇതു സംബന്ധിച്ച് വ്യക്തത നൽകിയത്. എറണാകുളം ടൗൺഹാളിൽ നടന്ന മേഖലാ തെളിവെടുപ്പിൽ വിവിധ ജില്ലകളിൽ നിന്ന് നിരവധിപേരാണ് പരാതികളും നിർദേശങ്ങളുമായി എത്തിയത്. കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലും ഇതിനോടകം തെളിവെടുപ്പ് നടത്തിയിരുന്നു. 11ന് തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിന് ശേഷം വൈദ്യുതി ഉൽപാദകരും കെ.എസ്.ഇ.ബി അധികൃതരും ഉൾപ്പെടുന്ന ഉപദേശക സമിതി കൂടും. ഇതിനുശേഷമായിരിക്കും നിരക്ക് വർധന സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കുക.
തെളിവെടുപ്പിനെത്തിയവരിൽ നിന്ന് കടുത്ത പ്രതിഷേധമാണ് നിരക്ക് വർധനവിനെതിരേ ഉയർന്നത്. ഉപഭോക്താക്കളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിന് പകരം കെ.എസ്.ഇ.ബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ആരായണമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സോളാർ പദ്ധതിയെപ്പറ്റിയും പരാതി ഉയർന്നു.
വിദ്യാഭ്യാസ നിലവാരമില്ലാത്തവരാണ് കെ.എസ്.ഇ.ബിയിൽ ജോലിചെയ്യുന്നതെന്ന ആക്ഷേപവും ചിലർ ഉയർത്തി. ദ്വൈമാസ ബില്ലിങ് രീതിക്കു പകരം ഓരോ മാസവും ബില്ല് നൽകുക, വൈദ്യുതി ബില്ലുകൾ മലയാളത്തിലാക്കുക, സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കുക, സെൽഫ് റീഡിങ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.
വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ശുപാർശകളിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും [email protected] എന്ന ഇമെയിൽ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിലേക്ക് തപാൽ വഴിയും സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മിഷൻ ചെയർമാൻ അറിയിച്ചു. കെ.എസ്.ഇ.ബി ശുപാർശകളുടെ പകർപ്പ് www.erckerala.orgൽ ലഭ്യമാണ്.
The Chairman of the Kerala State Electricity Regulatory Commission, T.K. Jose, has clarified that a decision regarding the proposed electricity tariff hike will be made only after a detailed review of the data submitted by KSEB (Kerala State Electricity Board)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."