ഈ ക്രൂരതക്ക് ഇനി കൂട്ടുനില്‍ക്കാനാവില്ല; ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ
ഒട്ടാവ: ഗസ്സക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്‌റാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കാനഡ. ഗസ്സയില്‍ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവര്‍ത്തികളെയും കണ്ടുനില്‍ക്കാനാവില്ലെന്നും അതിനാല്‍ ഇസ്‌റാഈലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെര്‍മിറ്റുകള്‍ റദ്ദാക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രതികരിച്ചു. കനേഡിയന്‍ നിര്‍മ്മിത ആയുധങ്ങളും യുദ്ധസാമഗ്രികളും ഗസ്സയില്‍ ഉപയോഗിക്കരുതെന്നാണ് നയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങളുടെ ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസ്സയിലേക്ക് അയയ്ക്കില്ല എന്നതാണ് ഞങ്ങളുടെ നയം' മെലാനി പറഞ്ഞു.
ഇസ്‌റാഈലിന് പുതിയ ആയുധ പെര്‍മിറ്റുകള്‍ നല്‍കുന്നത് ജനുവരിയില്‍ കാനഡ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മുമ്പ് നല്‍കിയ അനുമതികളുപയോഗിച്ച് ഇസ്‌റാഈലിന് കാനഡയില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിരുന്നു. ആ അനുമതികളാണ് കാനഡ റദ്ദാക്കിയത്. ഇസ്‌റാഈലിന് ആയുധം വിതരണം നടത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളും പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടതായും അവര്‍ വ്യക്തമാക്കി.
കാനഡ ഏറ്റവും കൂടുതല്‍ ആയുധ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്‌റാഈല്‍. 2021 ല്‍ 26 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് ഇസ്‌റാഈലിലേക്ക് കയറ്റുമതി ചെയ്തത്. 2022 ല്‍ 21 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതിചെയ്യുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഇസ്‌റാഈല്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ സൈനിക സഹായം നല്‍കുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയില്‍ ഇസ്‌റാഈലിന് കടുത്ത അമര്‍ഷമുണ്ട്. ഇസ്‌റാഈലിന് ആയുധം വിതരണം ചെയ്യുന്ന ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിയമനടപടികള്‍ നടക്കുകയാണ്.
കാനഡയില്‍ ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാണ്. സര്‍വകലാശാലകളിലും രാഷ്ട്രീയ പരിപാടികളിലും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന് മുകളില്‍ കനത്തസമ്മര്‍ദ്ദമാണുണ്ടാക്കിയിരുന്നു.
നേരത്തെ വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്‌റാഈല്‍ നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ജൂണില്‍ കാനഡ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഏഴ് ഇസ്‌റാഈല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് ഉപരോധം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം അന്ന് നടപടിയെടുത്തിരുന്നു.
ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.
തീവ്ര കുടിയേറ്റ ആക്രമണങ്ങളില്‍ ഫലസ്തീനികളുടെ ജീവനും സ്വത്തിനും കൃഷിഭൂമിക്കുമെല്ലാം നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും കാനഡ വിമര്‍ശിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ കാരണം ഫലസ്തീനികള്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും കാനഡ വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും കുടിയേറ്റ വ്യാപനത്തിനുമെതിരെ നിലകൊള്ളുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."