തിരുപ്രഭ ക്വിസ് -12 നബിയ്യുറഹ്മ (സ) - ഭാഗം 1
റഹ്മത് എന്ന വാക്കിന് കാരുണ്യമെന്നും അനുഗ്രഹമെന്നും അർഥം നൽകാം. സമസ്ത ലോകത്തിനും കാരുണ്യവും കൃപയും അനുഗ്രഹവുമായിട്ടാണ് പ്രവാചകന്റെ നിയോഗം. അവിടുത്തെ നിയോഗം, ശരീഅത്ത്, പ്രവർത്തനങ്ങൾ, സ്വഭാവം, സുവിശേഷം, മുന്നറിയിപ്പ് തുടങ്ങി അവിടുത്തെ എല്ലാ വാക്കു-നോക്കുകളും ചലന- നിശ്ചലനങ്ങളും ലോകത്തിന് കാരുണ്യവും അനുഗ്രഹവുമാണ്. മാത്രമല്ല, അവിടുത്തെ ജീവിത-മരണങ്ങളും വരെ ഇതിൽപ്പെടുന്നു. 'എന്റെ ജീവിതം നിങ്ങൾക്ക് അനുഗ്രഹമാകുന്നു, എന്റെ മരണവും അനുഗ്രഹം തന്നെ' എന്ന് പ്രവാചകൻ (സ) പറഞ്ഞതായി കാണാം.
മനുഷ്യർ, ജിന്നുകൾ, മാലാഖമാർ തുടങ്ങി മുഴുവൻ ജീവജാലങ്ങളിലേക്കും ആ റഹ്മത് പരന്നൊഴുകി. ജിബ്‌രീൽ (അ) നോട് പ്രവാചകൻ ചോദിക്കുന്നുണ്ട് 'ജിബ്‌രീൽ, താങ്കൾക്ക് ഈ റഹ്മത്തിൽ നിന്ന് വല്ലതും ലഭിച്ചുവോ? 'അതെ, എന്റെയും ജീവിതത്തിന്റെ പര്യവസാന കാര്യത്തിൽ ഞാൻ ഏറെ ആശങ്കാകുലനായിരുന്നു. പിന്നീട്, ഖുർആനിൽ എന്നെ പ്രശംസിച്ചു കൊണ്ടുള്ള അല്ലാഹുവിന്റെ വചനങ്ങളാണ് എനിക്ക് നിർഭയത്വം നൽകിയത്. നിശ്ചയം, ഈ ഖുർആൻ സമാദരണീയനും കരുത്തനും ദിവ്യ സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനീയനും അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ജിബ്‌രീൽ) ദൂതന്റെ പ്രബോധന വാക്യങ്ങളാകുന്നു'. (തക്‌വീർ-21) ഇതായിരുന്നു ജിബ്‌രീൽ (അ)ന്റെ മറുപടി.
പ്രവാചകൻ തന്നെ അവിടുത്തെ പരിചയപ്പെടുത്തുന്നത് 'നിശ്ചയം, ഞാൻ നിങ്ങൾക്ക് സമ്മാനമായി നൽകപ്പെട്ട റഹ്മത്താണ്' എന്നാണ്. ദു:ഖിതരെയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെയും അവിടുന്ന് ചേർത്ത് പിടിക്കുകയും അവർക്ക് അർഹമായ അംഗീകാരം നൽകുകയും ചെയ്തിരുന്നു. പ്രവാകന്റെ പള്ളിയിൽ സ്ഥിരമായി താമസിച്ച് അവിടുത്തോട് സഹവസിച്ച് ദീൻ പഠിച്ചിരുന്ന ഒരു വിഭാഗം ദരിദ്രരായ സ്വഹാബിമാരുണ്ടായിരുന്നു. അഹുലുസ്സുഫ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്.
പ്രവാചകൻ അവരെ നന്നായി പരിഗണിക്കുകയും അവർക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഒരിക്കൽ അവർ പ്രവാചകനോടൊരു പരാതി പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, ഈത്തപ്പഴം ഞങ്ങളുടെ വയർ കരിച്ചു കളഞ്ഞിരിക്കുന്നു (മറ്റു ഭക്ഷണമൊന്നും വയറിലേക്ക് ലഭിക്കുന്നില്ല). ഇത് കേട്ട പ്രവാചകൻ പറഞ്ഞു: ഈത്തപ്പഴം മദീന നിവാസികളുടെ ഭക്ഷണമാണ്. എന്റെ കയ്യിൽ ഉള്ളതിനനുസരിച്ചു ഞാൻ നിങ്ങളെ സഹായിക്കുന്നുണ്ട്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ കൊണ്ട് സത്യം, അല്ലാഹുവിന്റെ പ്രവാചകന്റെ വീട്ടിൽ നിന്ന് രണ്ടു മാസമായി റൊട്ടിക്ക് വേണ്ടി പുക ഉയർന്നിട്ടില്ല.
അവർക്കും ഈത്തപ്പഴവും വെള്ളവുമില്ലാതെ മറ്റൊന്നും ഭക്ഷണമായുണ്ടായിട്ടില്ല.കുട്ടികളോടും അവിടുത്തേക്ക് അതിരറ്റ കാരുണ്യവും വാത്സല്യവുമായിരുന്നു. പ്രവാചകൻ അവിടുത്തെ ഒരു കുട്ടിയെ ചുംബിക്കുന്നത് കണ്ട ഒരു ഗ്രാമവാസി പറഞ്ഞു: പ്രവാചകരേ, എനിക്ക് പത്തു മക്കളുണ്ട്. അവരിൽ ആരെയും ഇത് വരെ ഞാൻ ചുംബിച്ചിട്ടില്ല. 'നിന്റെ ഹൃദയത്തിൽ നിന്ന് അല്ലാഹു കാരുണ്യം എടുത്തു കളഞ്ഞാൽ എനിക്കെന്തു ചെയ്യാൻ കഴിയും?' എന്നതായിരുന്നു നബിയുടെ മറുപടി. സമൂഹത്തിന്റെ വ്യത്യസ്ത കോണുകളിലുള്ള എല്ലാവരോടും കരുണാർദ്രമായ സമീപനം പ്രവാചകന്റെ പ്രത്യേകതയാണ്.
The term "رحمة" (Rahmah) translates to compassion or blessing. The Prophet Muhammad (S) was appointed as a mercy to the entire world, embodying divine compassion and blessings through his mission, teachings, actions, and character.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."