ഡാറ്റാ എന്‍ട്രി അവസാനിച്ചു; 17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കുകൂടി അംഗീകാരം
മലപ്പുറം: ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക വികസന പദ്ധതികള്‍ക്കുകൂടി അംഗീകാരം. 2016-17 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തേണ്ട ബഹുമുഖ പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. ഇതോടെ വാര്‍ഷിക പദ്ധതി അംഗീകാരം നേടിയെടുത്ത ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം 26 ആയി.
12 നഗരസഭകളുള്ള ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭ മാത്രമാണ് ഇതുവരെ വാര്‍ഷിക പദ്ധതി അംഗീകാരം നേടിയെടുത്തത്. പെരിന്തല്‍മണ്ണ നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. ജില്ലയിലെ ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തുകളും വാര്‍ഷിക പദ്ധതി അംഗീകാരം നേടിയെടുത്തിട്ടുണ്ട്. എടക്കര, ചുങ്കത്തറ, ചോക്കാട്, പെരുമ്പടപ്പ്, പൊന്മുണ്ടം, മൂന്നിയൂര്‍, കാളികാവ്, ചെറിയമുണ്ടം, അങ്ങാടിപ്പുറം, ചേലേമ്പ്ര എന്നീ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന യോഗം അംഗീകാരം നല്കി. നിലമ്പൂര്‍, തിരൂര്‍, വേങ്ങര, മലപ്പുറം, പൊന്നാനി, താനൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് പുതുതായി അംഗീകാരം നേടിയെടുത്തത്. നേരത്തെ ജില്ലയിലെ ഒന്‍പത് തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. തിരൂരങ്ങാടി, പെരുമ്പടപ്പ്, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളും വെളിയങ്കോട്, പള്ളിക്കല്‍, കോഡൂര്‍, കൂട്ടിലങ്ങാടി, പെരുവള്ളൂര്‍, ചാലിയാര്‍ പഞ്ചായത്തുകളും നേരത്തേതന്നെ അംഗീകാരം നേടിയെടുത്തിരുന്നു.
വാര്‍ഷിക പദ്ധതി സമര്‍പ്പണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കിയതും കൃത്യമായി അംഗീകാരം നേടിയെടുക്കുന്നതില്‍ ഭൂരിഭാഗം പഞ്ചായത്തുകളും വീഴ്ചവരുത്തിയതുംമൂലം പദ്ധതി അംഗീകാരം നേടിയെടുക്കുന്നതിനുള്ള അവസാന തിയതി നേരത്തെ സര്‍ക്കാര്‍ നാലുതവണ നീട്ടിനല്‍കിയിരുന്നു. അതേസമയം, വാര്‍ഷിക പദ്ധതികളുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചു. പദ്ധതി അംഗീകാരം നേടിയെടുക്കുന്നതിനുള്ള അവസാന തിയതി ഈ മാസം ഒന്‍പതിന് അവസാനിക്കും. ഇതിനു മുന്‍പായി വാര്‍ഷിക പദ്ധതി അംഗീകരിക്കാന്‍ ആറ്, ഒന്‍പത് തിയതികളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."