ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തില്‍ ജൈവ പച്ചക്കറിയും മത്സ്യസ്റ്റാളും ആരംഭിക്കും
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ വികസന കേന്ദ്രത്തില്‍ ജൈവ പച്ചക്കറി വില്പനയ്ക്കും മത്സ്യത്തിനും സ്ഥിരം സംവിധാനമായി 'അക്വാഗ്രീന്‍' എന്നപേരില്‍ വില്പന സ്റ്റാള്‍ ആരംഭിക്കും. ആറിനു സ്റ്റാള്‍ തുറന്നു നല്‍കും. ജില്ലാ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം കൃഷി നടത്തുന്ന സംഘങ്ങളില്‍ നിന്നുള്ള വിഷരഹിത-സുരക്ഷിത പച്ചക്കറിയാണ് അക്വാഗ്രീന്‍ സ്റ്റാളില്‍ വില്പന നടത്തുക.
കൃഷി ഓഫിസര്‍മാര്‍ വിഷരഹിതമെന്നു സര്‍ട്ടിഫിക്കറ്റു നല്കിയാല് മാത്രമേ സ്റ്റാളിലേക്ക് പച്ചക്കറി സ്വീകരിക്കൂ. കൃഷി വകുപ്പിന്റെ മേല്‍ നോട്ടത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. മത്സ്യ സഹകരണ സംഘങ്ങളിലൂടെ വൃത്തിയാക്കിയ മത്സ്യം വില്പന നടത്താനുള്ള ഫിഷ് മാര്‍ട്ടും സ്റ്റാളില്‍ ക്രമീകരിക്കും.
ഫോണ്‍ വഴി ആവശ്യപ്പെടുന്നവര്‍ക്കു മത്സ്യം എത്തിക്കുന്നതിനും ആലോചനയുണ്ട്. പച്ചക്കറിയും മത്സ്യവും സൂക്ഷിക്കുന്നതിനാവശ്യമായ അധുനിക സ്റ്റോറേജ് സംവിധാനം വിപണന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്നു ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി ശേഖരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി ജയബാലന്‍ , കെ ശോഭ, ടി.ടി റംല, സെക്രട്ടറി എം.കെ ശ്രീജിത്ത്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ സുജാത, ഫിഷറീസ് ഡവലപ്മെന്റ് ഓഫിസര്‍ രജിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."