പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ
കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് 11.98 കോടിയുടെ ആസ്തി. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ബാങ്ക് നിക്ഷേപവും സ്വർണവുമായി 4,24,78,689 രൂപയുടെ ആസ്തിയാണുള്ളത്. ബാങ്ക് ഡെപ്പോസിറ്റ്, ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയിൽ അടക്കമുള്ള തുകയാണിത്.
രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്. അഞ്ച് വർഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തിൽ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭർത്താവ് റോബർട്ട് വധ്രയുടെ വരുമാനത്തിൽ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്.
37,91,47,432 രൂപയാണ് വധ്രയുടെ ആസ്തി. പ്രിയങ്കക്ക് ഡെൽഹി ജൻപഥ് എച്ച്.ഡി.എഫ്.സി ബാങ്കിൽ 2,80,000 രൂപയുടെയും യൂകോ ബാങ്കിൽ 80,000 രൂപയുടെയും നിക്ഷേപമുണ്ട്. പ്രിയങ്കയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കൽപ്പറ്റ ബ്രാഞ്ചിലെ അക്കൗണ്ടിൽ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു.
മ്യൂച്ച്വൽ ഫണ്ടിൽ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടിൽ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭർത്താവ് സമ്മാനമായി നൽകിയ ഹോണ്ട സി.ആർ.വി കാർ പ്രിയങ്കയുടെ പേരിലാണ്.
15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കയ്ക്കുണ്ട്. ഭർത്താവ് റോബർട്ട് വധ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശിൽ ഒന്നും ഉത്തർ പ്രദേശിൽ രണ്ടും അടക്കം പ്രിയങ്കയ്‌ക്കെതിരേ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."