സുപ്രഭാതത്തിന് നന്ദി പറഞ്ഞ് ശ്രീരഞ്ജിനി ജോലിയില്‍ പ്രവേശിച്ചു
മലയിന്‍കീഴ്: 2016 സെപ്റ്റംബര്‍ ഒന്ന് ശ്രീരഞ്ജിനിയുടെ ജീവിതത്തിലെ തിളക്കമുള്ള ദിവസമായിരുന്നു. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം ചെയ്ത് പിന്നീട് ജീവിത വഴിയില്‍ ഒറ്റപ്പെട്ടു പോയ പൂജപ്പുര തമലം സ്വദേശിനി ശ്രീരഞ്ജിനി ആരോഗ്യവകുപ്പില്‍ ജോലിക്കായി പ്രവേശിച്ചു. അതിന് കാരണമായ സുപ്രഭാതത്തിന് ഒരായിരം നന്ദി പറയുകയാണ് ഇവര്‍. വട്ടിയൂര്‍ക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ നിയമന ഉത്തരവുമായി എത്തിയ ശ്രീരഞ്ജിനിയ്ക്ക് ജീവനക്കാര്‍ സ്‌നേഹാര്‍ദ്രമായ സ്വീകരണം നല്‍കി.
ആശാവര്‍ക്കറായിരുന്ന ശ്രീരഞ്ജിനി ജോലിയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ തമലത്തെ അങ്കണവാടിയില്‍ പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കാണുന്നത്. കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമക്കു കരള്‍ പകുത്തു നല്‍കാനുള്ള ആ തീരുമാനം ശ്രീരഞ്ജിനിയെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അവര്‍ കരള്‍ പകുത്തു നല്‍കി.
എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിയെ കാത്തിരുന്നത് നരകയാതനകളായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. കരള്‍ ദാനം ചെയ്തതോടെ ബന്ധുക്കളും പടിയിറക്കി. അതോടെ പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി. പ്രതിമാസം ആയിരം രൂപ വേതനത്തിലാണ് ശ്രീരജ്ഞിനി തൃക്കണ്ണാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററിനു കീഴില്‍ ആശാവര്‍ക്കറായി ജോലി ചെയ്തിരുന്നത്.
ഭക്ഷണത്തിനും വീട്ടുവാടക്കും മരുന്നുകള്‍ക്കും പണമില്ലാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ജൂണ്‍ നാലിന് സുപ്രഭാതത്തിന്റെ ഒന്നാം പേജില്‍ ശ്രീരഞ്ജിനിയുടെ ജീവിതപ്രതിസന്ധി വാര്‍ത്തയായി വന്നത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ശ്രീരഞ്ജിനിക്കു ജോലി നല്‍കുന്നതിനുള്ള നടപടികളെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."