വെള്ളത്തൂവല്‍ ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാകുന്നു; ഉദ്ഘാടനം എട്ടിന്
തൊടുപുഴ: വൈദ്യുതി പദ്ധതികളുടെ നാടായ വെള്ളത്തൂവലില്‍ പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നു. 3.6 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള വെള്ളത്തൂവല്‍ ജലവൈദ്യുതപദ്ധതിയുടെ ഉദ്ഘാടനം എട്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.
ചെങ്കുളം പവര്‍ ഹൗസില്‍നിന്നും വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളവും മുതിരപ്പുഴയാറ്റില്‍ നിന്നുള്ള വെള്ളവും തടയണ കെട്ടി തടഞ്ഞുനിര്‍ത്തി രണ്ടു പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി ടര്‍ബൈനുകളില്‍ എത്തിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ലോ ഹെഡ് ടര്‍ബൈനുകളാണ് പവര്‍ ഹൗസില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചെങ്കുളം പവര്‍ ഹൗസിലെത്തിച്ചാണ് വിതരണ ശൃംഖലയിലേക്ക് കൈമാറുന്നത്. ഉത്പ്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം ടെയ്ല്‍ റേസിലൂടെ കല്ലാര്‍കുട്ടി അണക്കെട്ടിലെത്തും. പ്രതിവര്‍ഷം 12.17 ദശലക്ഷം യൂനിറ്റാണ് വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്നത്. ചെങ്കുളം, പന്നിയാര്‍ പവര്‍ ഹൗസുകള്‍ ഗ്രാമത്തില്‍ മുതിരപ്പുഴയാറിന്റെ ഇരു കരകളിലായി മുഖാമുഖം തലയുയര്‍ത്തി നില്‍ക്കുന്നു.
ചെങ്കുളം, പന്നിയാര്‍ പവര്‍ ഹൗസുകളുടെ മധ്യഭാഗത്ത് താമസിച്ചിരുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയില്‍ 37.52 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതോടെ 200 മീറ്റര്‍ ചുറ്റളവില്‍ മൂന്നു പവര്‍ ഹൗസുകള്‍ സ്ഥിതിചെയ്യുന്ന നാടെന്ന പേരും വെള്ളത്തൂവലിന് സ്വന്തമാകും.
എട്ടിന് വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനത്തില്‍ അപ്പര്‍ കല്ലാര്‍ വൈദ്യുതി പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."