ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെയും ഇസ്‌റാഈൽ ആക്രമണം; മോചനം ദുരന്തത്തിൽ കലാശിച്ചേക്കാം നെതന്യാഹുവിന് ഹമാസിന്റെ മുന്നറിയിപ്പ്
ഗസ്സ: ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈൽ. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് അറിയിക്കുന്നത്.
ഈ അവസരത്തിൽ നടത്തുന്ന ശത്രുവിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഏതൊരു ആക്രമണവും ബന്ദികളുടെ മോചനം എന്നതിനെ ദുരന്തത്തിൽ എത്തിച്ചേക്കാം. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ശേഷം ബന്ദിയുടെ അവസ്ഥ എന്താണ് എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അതേസമയം, വെടിനിർത്തൽ നടപ്പിലാകുമെന്ന സന്തോഷത്തിലേക്ക് കയ്യടിച്ചുയരുന്ന കുഞ്ഞുങ്ങൾക്ക് മേൽ വീണ്ടും ബോംബിട്ട് കൂട്ടക്കൊല തുടരുകയാണ്ഇസ്‌റാഈൽ. നിലക്കാതെ വർഷിച്ച ബോംബ് മഴയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. 21 കുഞ്ഞുങ്ങളും 25 സ്ത്രീകളും ഉൾപെടെ നൂറോളം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ രാവ് മുഴുവൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമായിരുന്നു ആക്രമണം.
ഒരു മണിക്കൂറിനിടെ ഇസ്‌റാഈൽ രണ്ട് കൂട്ടക്കൊലകൾ നടത്തിയതായി ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അൽ ജലാ തെരുവിലും സമീപത്തെ ശൈഖ് റദ്‌വാനിലുമായിരുന്നു ആക്രമണം. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപെടെയാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ച് നെത്യനാഹു രംഗത്തെത്തിയിരുന്നു. കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."