പേര് മാറ്റണമെന്ന് ട്രംപ് പറഞ്ഞു, അനുസരിച്ച് ഗൂഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
യുഎസ്: ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് മാറ്റി വിളിച്ച് ഗൂഗ്ൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് പേരുമാറ്റൽ നടപടി. യുഎസ് ജിയോളജിക്കൽ സർവേയുടെ ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് പേര് മാറ്റിയതെന്ന് ഗൂഗിൾ അറിയിച്ചു. മെക്‌സിക്കോയുടെ കിഴക്കൻ തീരത്തും യുഎസിൻറെ ദക്ഷിണ ഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന കടലാണ് ഗൾഫ് ഓഫ് മെക്സിക്കോ.
ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഞായറാഴ്ച ഒപ്പുവച്ചു. ഫെബ്രുവരി ഒമ്പത് ‘ഗൾഫ് ഓഫ് അമേരിക്ക ദിന’മായും ട്രംപ് പ്രഖ്യാപിച്ചു.
നിലവിൽ യു.എസിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. അതായത് യു.എസിലെ ഉപയോക്താക്കൾക്ക് മാപ്പിൽ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാണ് കാണാനാവുക. അതേസമയം മെക്സിക്കോയിലുള്ളവർക്ക് നേരത്തേയുള്ള യഥാർഥ പേര് തന്നെ കാണുകയും ചെയ്യാം. രണ്ട് രാജ്യങ്ങൾക്ക് പുറത്തുള്ള ഉപയോക്താക്കൾക്കാവട്ടേ യാഥാർഥ പേരിനൊപ്പം ബ്രാക്കറ്റിലായി ഗൾഫ് ഓഫ് അമേരിക്ക എന്നും കാണിക്കും. എന്നാൽ ആപ്പിളിൻറെ മാപ്‌സിൽ പേരുമാറ്റം വന്നിട്ടില്ല. ഇത് കൂടാതെ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അലാസ്കയിലെ ഡെനാലി പർവതത്തിൻറെ പേര് മക്കിൻലി പർവതം എന്നാക്കിയിട്ടുണ്ട്.
ഗൾഫ് ഓഫ് മെക്സികോ എന്ന പേര് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതാണ്. അതാണിപ്പോൾ ട്രംപ് പുനർനാമകരണം ചെയ്തിരിക്കുന്നത്. ട്രംപ് ഭരണകൂടവും മെക്‌സിക്കോയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് പേരുമാറ്റൽ നടപടി നടപ്പിൽ വന്നിരിക്കുന്നത്. മെക്സിക്കോയിൽനിന്നുള്ള ചരക്കുകൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, 10,000 നാഷണൽ ഗാർഡ് സൈനികരെ അതിർത്തിയിലേക്ക് അയയ്ക്കാൻ മെക്സികോ സമ്മതിച്ചതിനെത്തുടർന്ന് ഈ നടപടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."