മദ്‌റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
മലപ്പുറം:മുസ്‌ലിം ന്യൂനപക്ഷ പുരോഗതിക്കായി രൂപീകരിച്ച മദ്‌റസ അധ്യാപക ക്ഷേമനിധിയിലേക്കുള്ള സർക്കാർ ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പതുവർഷം. മറ്റു വിഭാഗങ്ങളുടെ ഉന്നമനത്തിനായി യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോൾ മുസ്‌ലിം ന്യൂനപക്ഷവിഭാഗത്തിനുവേണ്ടി രൂപീകരിച്ച ക്ഷേമനിധിയിലേക്ക് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പരിവർത്തന ക്രൈസ്തവർക്ക് ഈ വർഷവും 10 കോടി രൂപ മാറ്റിവച്ചപ്പോഴാണ് സർക്കാറിന്റെ ഈ ഇരട്ടത്താപ്പ്.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മദ്‌റസ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തിയത്. കാലാകാലങ്ങളിൽ ഇവർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്ക് ആവശ്യമായ തുക ഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുമെന്നും 2012 ലെ ഉത്തരവിൽ സർക്കാർ പറഞ്ഞിരുന്നു.
പ്രതിവർഷം എട്ട് കോടിയോളം രൂപ ആനുകൂല്യവിതരണത്തിന് ആവശ്യമായി വരുന്നുണ്ട്. മുസ്‌ലിംങ്ങൾക്ക് സർക്കാർ അനർഹമായി ഫണ്ട് നൽകുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും, ന്യൂനപക്ഷ സംരക്ഷണം മുഖ്യ അജൻഡയാക്കിയ എൽ.ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരു രൂപ പോലും ഗ്രാൻഡ് നൽകിയിട്ടില്ല. 2015-16 ലാണ് അവസാനമായി ക്ഷേമനിധിയിലേക്ക് സർക്കാർ ഗ്രാന്റ് നൽകിയത്.
3.75 കോടിയാണ് ഗ്രാൻഡ് അനുവദിച്ചത്. മദ്‌റസ അധ്യാപകരും, മാനേജ്‌മെന്റ് കമ്മറ്റിയും മാസത്തിൽ ക്ഷേമനിധിയിലേക്ക് നൽകുന്ന വിഹിതം പലിശ രഹിത അക്കൗണ്ടിൽ ട്രഷറിയിൽ നിക്ഷേപിക്കും. ഇതിന് ഇൻസെന്റീവായി നാല് കോടി രൂപ 2022ൽ ക്ഷേമനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷവും ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടില്ല. അധ്യാപകർ അടക്കുന്ന വിഹിതത്തിൽ നിന്നാണ് ക്ഷേമപെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകി കൊണ്ടിരിക്കുന്നത്. ക്ഷേമനിധിയിൽ അംഗമായി മിനിമം അഞ്ച് വർഷമെങ്കിലും വിഹിതം അടച്ചവർക്ക് 1500 രൂപയാണ് പ്രതിമാസ പെൻഷനായി നൽകുന്നത്.
ചേർന്ന കാലാവധിക്ക് ആനുപാതികമായി 7500 രൂപ വരെ പെൻഷനും നൽകുന്നുണ്ട്. ക്ഷേമനിധി പെൻഷന്റെ കൂടെ കഴിഞ്ഞവർഷം വരെ ഇവർക്ക് ഒരു സാമൂഹികപെൻഷനും കൂടി നൽകിയിരുന്നു. സർക്കാർ ക്ഷേമനിധിയിലേക്ക് ഗ്രാൻഡ് നൽകുന്നുണ്ടെന്ന് പറഞ്ഞ് നൽകിയിരുന്ന സാമൂഹികക്ഷേമ പെൻഷനും സർക്കാർ നിർത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."