അപകടങ്ങളില്‍ തകരുന്നത് മധുവിന്റെ ജീവിതം കടയിലേക്ക് വാഹനം ഇടിച്ചു കയറിയത് നാലു തവണ
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം ബസ് പാഞ്ഞുകയറി തകര്‍ന്ന മധുവിന്റെ കടയിലേക്ക് വില്ലനായി ഇന്നലെയും ഒരു കാര്‍ എത്തി. രാവിലെ ഏഴു മണിയോടെയാണ് കോഴിക്കോട് നിന്നു കാസര്‍കോടേക്ക് വരികയായിരുന്നു കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ദേശീയപാതയില്‍ തൃച്ഛംബരം എന്‍.എസ്.എസ് ബില്‍ഡിങ്ങിനു സമീപം വര്‍ഷങ്ങളായി പലചരക്ക് കച്ചവടം നടത്തുന്ന പി മധുവിന്റെ ജീവിതം ഇന്ന് ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. അടുത്തടുത്തായി നാല് അപകടങ്ങള്‍. ഇന്നലെ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ വാഹനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കാറിന്റെ മുന്‍വശം തകര്‍ന്നു. തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി. മൂന്നു ദിവസം മുന്‍പാണ് ഒരു ബസ് കടയിലേക്ക് ഇടിച്ചു കയറി വലിയ നാശനഷ്ടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. തകര്‍ന്ന കട ശരിയാക്കി ഒരു ദിവസമാകുന്നതിനു മുന്‍പാണ് വീണ്ടും അപകടമുണ്ടായത്. ഓരോ തവണയും കെട്ടിട ഉടമക്ക് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം ഒതുക്കാറാണ് പതിവ്. കടയില്‍ നിന്ന് നഷ്ടപ്പെടുന്ന സാധനങ്ങളുടെ വിലയോ അപകടം കൊണ്ട് നഷ്ടമാകുന്ന തൊഴില്‍ ദിനങ്ങളെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്യുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാറില്ലെന്നു മധു പറയുന്നു. ബാങ്കില്‍നിന്ന് ലോണെടുത്തും പണയം വച്ചും വീണ്ടും കച്ചവടം തുടങ്ങാനുള്ള ശ്രമത്തിനിടയിലും അടുത്ത അപകടം എന്നാണെന്ന ആശങ്കയും മധു മറച്ചുവയ്ക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."