'അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അടിസ്ഥാന അവകാശമാണ്, അതില്ലാതാക്കാന്‍ നോക്കണ്ട' ഫലസ്തീന്‍ അനുകൂലികളെ നാടുകടത്താനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ ഇസ്‌റാഈലി വിദ്യാര്‍ഥികള്‍
വാഷിങ്ടണ്‍: ക്യാംസുകളിലെ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ തുറന്ന കത്തുമായി കൊളംബിയ സര്‍വകലാശാലയിലെ ഇസ്‌റാഈലി വിദ്യാര്‍ഥികള്‍. പോസ്റ്റ്‌ഡോക്ടറുകള്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് ഒപ്പിട്ട കത്തില്‍ ട്രംപിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
' ഇസ്‌റാഈലിലേയും ഫലസ്തീനിലേും ജനത ഒരുപോലെ വേദന അനുഭവിക്കുന്ന ഈ ഇരുണ്ട കാലത്ത് ഞങ്ങളിതിനെ ശക്തമായി എതിര്‍ക്കുന്നു എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.
'ഞങ്ങളെ അതായത് ജൂതന്‍മാരേയും ഇസ്‌റാഈല്യരേയും രക്ഷിക്കാനാണ് ഈ ഉത്തരവ് എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ അടിവരയിട്ടു പറയട്ടെ. ഇത് ഞങ്ങളെ രക്ഷിക്കുകയല്ല ചെയ്യുന്നത്. യഹൂദ വിരുദ്ധതയെ ചെറുക്കുന്നതില്‍ ഇത് നിര്‍ണായകമായിരിക്കാം. എന്നാല്‍ ഇസ്‌റാഈലിനെതിരായ എല്ലാ വിമര്‍ശനങ്ങളേയും ഇത്തരത്തില്‍ ഒന്നായി കൂട്ടിക്കുഴക്കുന്നതോടെ അവര്‍ ചെയ്യുന്ന എല്ലാ താന്തോത്തരങ്ങളേയും വകവെച്ചു കൊടുക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ട്രംപ് ചെയ്യുന്നത്. കൊളംബിയയിലെ സഹവിദ്യാര്‍ഥികളെ നാടുകടത്തുമെന്ന ട്രംപിന്റെ തീര്‍ത്തും അധാര്‍മികമായ ഭീഷണി ഞാന്‍ തള്ളിക്കളയുന്നു. മാത്രമല്ല ഈ നടപടി ഇസ്‌റാഈല്‍- ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുത്ത സ്‌നേഹബന്ധങ്ങളെ വലിച്ചെറിയുമെന്നും കത്തില്‍ തുറന്നടിക്കുന്നു.
'സെമിറ്റിക് വിരുദ്ധതയെ ചെറുക്കാനുള്ള അധിക നടപടികള്‍' എന്ന പേരിലാണ് ട്രംപ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ ഉത്തരവ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇസ്‌റാഈലിനെതിരായ വിമര്‍ശനത്തെ ജൂതവിരുദ്ധതയുമായി തെറ്റായി തുലനം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഫലസ്തീന്‍ വിദ്യാര്‍ഥികളെ നാടുകടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇതിനെ ആയുധമാക്കുന്നത് ഇസ്‌റാഈലി വിദ്യാര്‍ഥികളെന്ന നിലയില്‍ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നും കത്തില്‍ ഒപ്പുവച്ച സ്‌കൂള്‍ ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥി ജോഷ് ഡ്രില്‍ ചൂണ്ടിക്കാട്ടി. നാടുകടത്തലിലൂടെ വിയോജിപ്പുകളെ നിശബ്ദമാക്കുന്നത് ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കാനല്ലെന്ന് തുറന്നടിച്ച അദ്ദേഹം മറിച്ച് ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഇസ്‌റാഈലികളും ഫലസ്തീനികളും കെട്ടിപ്പടുത്ത ബന്ധങ്ങളെയാണ് തകര്‍ക്കുകയാണ് അതെന്നും ജോഷ് ചൂണ്ടിക്കാട്ടി.
അന്യായമായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയ ബോധത്തെ രൂപീകരിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ ഒന്നാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ മൗലിക അവകാശമാണ്. വിവിധ രാഷ്ട്രീയ അഭിപ്രായങ്ങളും ബന്ധങ്ങളുമുള്ള ഇസ്‌റാഈലി പൗരന്മാര്‍ എന്ന നിലയില്‍, ഫലസ്തീന്‍ പ്രദേശങ്ങളിലെ സൈനിക അധിനിവേശവും ജുഡീഷ്യല്‍ പുനഃസ്ഥാപനവും ഉള്‍പ്പെടെയുള്ള ഇസ്‌റാഈലി നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ നേരത്തേയും ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് 2023 ഒക്ടോബര്‍ 7 മുതല്‍, ബന്ദികളെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുകയും അതോടൊപ്പം യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അനീതിയെ എതിര്‍ക്കുന്നതിനും അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളെ ചെറുക്കുന്നതിനും വിമര്‍ശനാത്മക അഭിപ്രായങ്ങള്‍ ആവശ്യമാണ് എന്നത് കൊണ്ടു തന്നെ ഞങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തുന്ന അക്രമം ഭയാനകമാണ്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് കത്തില്‍ ഒപ്പിട്ട പിഎച്ച്ഡി വിദ്യാര്‍ഥിയായ സഹര്‍ ബോസ്റ്റോക്ക് പറഞ്ഞു.
ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന യു.എസ് പൗരന്മാരല്ലാത്ത കോളജ് വിദ്യാര്‍ഥികളെ നാടുകടത്താനും വിസകള്‍ റദ്ദാക്കാനുമാണ് ട്രംപിന്റെ ഉത്തരവ്. 2025 ജനുവരി 29നാണ് ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ പൗരാവകാശ സംഘടനകള്‍, സര്‍വകലാശാലകള്‍, സ്വതന്ത്ര അഭിപ്രായ വക്താക്കള്‍ തുടങ്ങിയവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."